കൽപ്പറ്റ: ജില്ലാ ആസ്ഥാനത്തെ പുതിയ ബസ് സ്റ്റാൻഡ് ദീർഘദൂര യാത്രക്കാർക്ക് ഉപകരിക്കാൻ കഴിയാതെ നോക്കുകുത്തിയായി മാറുന്നു. കെ.എസ്. ആർ.ടി.സി റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കുന്നത് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ആണെങ്കിലും യാത്രക്കാർ മുഴുവൻ ബസ് കയറാൻ കാത്തു നിൽക്കേണ്ടത് പഴയ ബസ് സ്റ്റാൻഡിന് മുന്നിലെ റോഡരികിലാണ്. പുതിയ ബസ് സ്റ്റാൻഡ് നിലവിൽ വരുന്നതിനു മുൻപ് കെ.എസ്. ആർ.ടി.സി റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചിരുന്നത് പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലായിരുന്നു. എന്നാൽ പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങി പത്തു വർഷത്തിലധികമായിട്ടും കെ.എസ്.ആർ.ടി.സി ബസ് സീറ്റ് റിസർവ് ചെയ്യുന്നവർക്ക് ഇപ്പോഴും ബോർഡിങ്ങ് പോയിന്റ് കാണിക്കുന്നത് പഴയ ബസ് സ്റ്റാൻഡ് തന്നെ. ഏറ്റവും കൂടുതൽ ദീർഘദൂര ബസുകൾ കൽപ്പറ്റ വഴി കടന്നു പോകുന്നത് രാത്രി സമയത്താണ്. മൈസൂർ, ബാംഗ്ളൂർ, ഭാഗത്തേക്കും എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കും ദിനംപ്രതി നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്നുണ്ട് . ഇവരെല്ലാം തന്നെ മുൻ കൂട്ടി സീറ്റ് റിസർവ് ചെയ്താണ് യാത്ര ചെയ്യുന്നത്. സ്ത്രീകളും പ്രായമായവരും കുട്ടികളും അയൽ സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളും വിനോദ സഞ്ചാരികളുമെല്ലാം റോഡരികിൽ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. ചുരത്തിലും മറ്റും ഉണ്ടാകുന്ന ഗതാഗതതടസം മൂലം ബസുകൾ പതിവായി മണിക്കൂറുകൾ വൈകിയാണ് വരുന്നത്. സ്ത്രീകളും പ്രായമായവരും റോഡരുകിൽ ബുദ്ധിമുട്ടിയാണ് നിൽക്കുന്നത്. യാത്രക്കാരുമായി വരുന്ന വാഹനങ്ങൾ റോഡിനു ഇരുവശത്തും മണിക്കൂറുകൾ നിറുത്തിയിടുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതതടസം വലുതാണ്. ഇരിക്കാനോ, പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ ഇവിടെ സൗകര്യമില്ല. പുതിയ ബസ് സ്റ്റാൻഡ് ഇതിനായി ഉപയോഗിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ആവശ്യത്തിന് ഇരിപ്പിടവും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ വേണ്ട എല്ലാ സൗകര്യവും വാഹനങ്ങൾ പാർക്ക് ചെയ്യാനുളള സൗകര്യവും ഇവിടെയുണ്ട്. മൾട്ടി ആക്സിൽ വാഹനങ്ങളും സ്ലീപ്പർ കോച്ച് ബസുകളും പഴയ സ്റ്റാൻഡിൽ കയറിയിറങ്ങാനും സൗകര്യവുമുണ്ട്. രാത്രി എട്ടു മണിമുതൽ രാവിലെ എട്ടു മണിവരെയെങ്കിലും പുതിയ ബസ് സ്റ്റാൻന്റിൽ ദീർഘദൂരബസുകൾ കയറിയിറങ്ങാൻ സംവിധാനം ഒരുക്കേണ്ടിയിരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |