@ ടോൾ പിരിവ് ഇന്ന് തുടങ്ങും
@ തടയാൻ കോൺഗ്രസ്
കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ബൈപാസിൽ ഇനി സൗജന്യ യാത്രയില്ല. ഇന്ന് രാവിലെ എട്ടിന് ടോൾ പിരിവ് തുടങ്ങും. അതെസമയം സർവീസ് റോഡ് പൂർത്തിയാക്കാതെ കോഴിക്കോട് ബെെപാസിൽ ടോൾ പിരിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് കോൺഗ്രസ്. ടോൾ പിരിവ് ആരംഭിക്കുന്ന സമയത്തു തന്നെ പ്രക്ഷോഭവും തുടങ്ങും.
അഴിയൂർ മുതൽ വെങ്ങളം വരെയുള്ള റീച്ചിലെ റോഡിന്റെ ദുർഘടാവസ്ഥ പരിഹരിക്കുക, ഒളവണ്ണ, പെരുമണ്ണ തുടങ്ങി പരിസര പ്രദേശങ്ങളിലുള്ളവരെ ടോളിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പരിസര പ്രദേശത്തുള്ളവർക്ക് നിരവധി തവണ ഇതുവഴി കടന്നുപോകേണ്ടതുണ്ട്. അവർക്ക് ടോൾ കൊടുക്കാനാകില്ല. തങ്ങൾ ടോൾ പിരിവിന് എതിരല്ല, പക്ഷേ, സർവീസ് റോഡ് പണി പൂർത്തിയാകും മുമ്പ് പിരിക്കരുതെന്നാണ് ആവശ്യമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രശ്നങ്ങൾക്ക് പരിഹാരം കാണും വരെ പ്രക്ഷോഭം തുടരാനാണ് തീരുമാനം. ഇതിനായി ആക്ഷൻ കമ്മിറ്റിക്കും രൂപം നൽകും. കോൺഗ്രസിന്റെ നേതൃത്വത്തിൽ നേരത്തെയും ടോൾ പിരിവിനെതിരെ സമരം നടത്തിയിരുന്നു. അതേസമയം ടോൾ പിരിവ് തുടങ്ങുന്നതു സംബന്ധിച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ടോൾപിരിവിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. ടോൾപിരിവിൽ ഒട്ടേറെ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. 24മണിക്കൂറിനകം ഇരുഭാഗത്തേക്കും പോകുന്ന വാഹനത്തിന് മടക്കയാത്രയിൽ ടോൾനിരക്കിൽ 25 ശതമാനം കിഴിവുണ്ട്.
ടോൾ നിരക്കിൽ ഇളവുകൾ
ഒരുമാസത്തിനകം 50 തവണ തുടർച്ചയായ യാത്ര നടത്തുന്ന വാഹനത്തിന് ടോൾ നിരക്കിൽ 33 ശതമാനം ഇളവുണ്ട്. ജില്ലയിൽ രജിസ്റ്റർ ചെയ്ത നാഷണൽ പെർമിറ്റ് അല്ലാത്ത കൊമേഴ്സ്യൽ വാഹനങ്ങൾക്ക് 50 ശതമാനമാണ് ഇളവ്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 340 രൂപയുടെ പാസ് നൽകും. ഇവർക്ക് ഒരു മാസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. മഹാരാഷ്ട്ര ആസ്ഥാനമായ ഹുലെ കൺസ്ട്രക്ഷൻസിനാണ് മൂന്ന് മാസത്തേയ്ക്ക് ടോൾ പിരിവിന്റെ ചുമതല. തുടക്കത്തിലുള്ള ഇളവുകൾ പിന്നീട് അപ്രത്യക്ഷമാകുമെന്ന് ആശങ്കയുണ്ട്.
'സർവീസ് റോഡ് പൂർത്തിയാക്കാതെ ടോൾ പിരിക്കാനുള്ള ദേശീയപാത അധികൃതരുടെ നീക്കം തടയും'
കെ.പ്രവീൺകുമാർ , ഡി.സി.സി. പ്രസിഡന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |