
തിരുവനന്തപുരം: സർക്കാർ കോളേജുകളിലെ അസി. പ്രൊഫസർമാരുടെ അധിക തസ്‌തിക പുനർവിന്യസിച്ചശേഷം ബാക്കിവരുന്ന 90 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ തീരുമാനം. ഇതോടെ ഫെബ്രുവരിക്കകം കാലാവധി അവസാനിക്കുന്ന വിവിധ വിഷയങ്ങളിലെ അസി. പ്രൊഫസർ റാങ്ക് ലിസ്റ്റിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. ഇക്കണോമിക്സ് വിഷയത്തിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ മാസം 27നാണ് അവസാനിക്കുന്നത്.
ഇതുസംബന്ധിച്ച് കഴിഞ്ഞ 5ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് നടപടി. എംഫിൽ കോഴ്സ് നിറുത്തലാക്കിയതും പി.ജി കോഴ്‌സുകൾക്ക് നൽകിയിരുന്ന അധിക വെയ്റ്റേജ് ഒഴിവാക്കിയതും കാരണം ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ മതിയായ വർക്ക് ലോഡില്ലാത്ത 361 അധിക തസ്തികകൾ ഉണ്ടെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 18 വിഷയങ്ങളിലായി ഇതിലുൾപ്പെട്ട 151 അദ്ധ്യാപകരെ ഒഴിവുള്ള കോളേജുകളിലേക്ക് പുനർവിന്യസിക്കാനാണ് തീരുമാനം. ശേഷം വരുന്ന
90 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും.
ഈ മാസം തന്നെ ഒഴിവുകൾ റിപ്പോർട്ട് ചെയ്‌താൽ കാലാവധി അവസാനിക്കുന്നതിന് മുൻപ് നിലവിലെ റാങ്ക് ലിസ്റ്റുകളിൽ നിന്ന് അഡ്വൈസ് മെമ്മോ അയയ്ക്കാൻ പി.എസ്.സിക്ക് കഴിയും.
കോളേജുകളിൽ പുതുതായി ആരംഭിച്ച കോഴ്‌സുകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ വ്യാപകമായി നിയമിച്ചതുമൂലം റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനം തടസപ്പെട്ടിരുന്നു. ഇക്കാര്യമടമടക്കമാണ് കേരളകൗമുദി ചൂണ്ടിക്കാട്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |