
ചെങ്ങന്നൂർ : ചെങ്ങന്നൂർ മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷന് സമീപത്തെ രേണു ഓട്ടോ ഫ്യുവൽസ് പെട്രോൾ പമ്പ് ഉടമ ശങ്കരമംഗലം വീട്ടിൽ എം.പി. മുരളീധരൻ നായർ (55)നെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ നാലുവർഷത്തിന് ശേഷം പൊലീസ് പിടികൂടി.
ചെങ്ങന്നൂർ, ആലാ പെണ്ണുക്കര വടക്കുംമുറിയിൽ പൂമലച്ചാൽ മഠത്തിലേത്ത് വീട്ടിൽ സനൽകുമാറിന്റെ മകൻ 'ബോഞ്ചോ' എന്ന അനൂപ് കുമാർ(36)നെയാണ് ചെങ്ങന്നൂർ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
2016 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം.
പെട്രോൾ അടിക്കാനെത്തിയ മനോജും അനൂപും ജീവനക്കാരുമായി വാക്കേറ്റം നടത്തിയതിനെ തുടർന്ന് ഇടപെട്ട പമ്പ് ഉടമ മുരളീധരൻ നായരെ ഭീഷണിപ്പെടുത്തുകയും പിന്നീട് മുരളീധരൻ നായർ ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ രാജീവ് ബൈക്ക് തടഞ്ഞുനിറുത്തുകയും പിന്നാലെ എത്തിയ മനോജും അനൂപും കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ഈ കേസിൽ അനൂപ് കുമാർ, രാജീവ്, ഐസക് എന്ന മനോജ് എന്നിവർക്ക് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവും 35,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മേയ് 2022ൽ 14 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയ അനൂപ് ഒളിവിൽ പോകുകയായിരുന്നു.
ബെംഗളൂരുവിൽ ഹോട്ടൽ ജോലി ചെയ്തിരുന്ന സമയത്ത് പരിചയപ്പെട്ട പന്തളം സ്വദേശിനിയായ യുവതിയെ കേന്ദ്രീകരിച്ച് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |