
ന്യൂഡൽഹി: ജനുവരി 21 മുതൽ 26വരെ എല്ലാ ദിവസവും രണ്ടര മണിക്കൂർ സേവനങ്ങൾ നിർത്തിവയ്ക്കാൻ ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. മേൽപ്പറഞ്ഞ ദിവസങ്ങളിൽ രാവിലെ 10.20 മുതൽ ഉച്ചയ്ക്ക് 12.45വരെ ഡൽഹി വിമാനത്താവളം അടച്ചിടും. 600ൽ അധികം വിമാനങ്ങളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ഡൽഹി വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ സമയത്താണ് അടച്ചിൽ. ആഭ്യന്തര വിമാന സർവീസുകൾ കൂടുതലായി എത്തുന്നതിനാൽ ഉച്ചകഴിഞ്ഞുള്ള വിമാന സർവീസുകൾ യൂറോപ്പിലേക്കും നിരവധി ഇന്ത്യൻ നഗരങ്ങളിലേക്കുമുള്ളതാണ്. ടൊറന്റോ, വാഷിംഗ്ടൺ, താഷ്‌കന്റ്, കാഠ്മണ്ഡു, കൊളംബോ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള അന്താരാഷ്ട്ര സർവീസുകളും തടസപ്പെടും. പുതിയ നടപടിയുടെ ഭാഗമായി ചില വിമാനങ്ങൾ റദ്ദാക്കപ്പെടുമെന്നും പല വിമാനങ്ങളുടെയും പുറപ്പെടൽ സമയമോ എത്തിച്ചേരൽ സമയമോ പുതുക്കുമെന്നും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
യാത്രക്കാർ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളും മൊബൈൽ ആപ്പുകളും പരിശോധിച്ച് ഫ്ലൈറ്റ് അപ്‌ഡേറ്റുകൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് അറിയിപ്പ്. മുൻകൂട്ടി വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും നിർദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |