SignIn
Kerala Kaumudi Online
Wednesday, 11 March 2026 2.53 AM IST

അവിശ്വാസപ്രമേയം അവതരിപ്പിച്ചു ബഹളത്തോടെ ചർച്ചയ്‌ക്ക് തുടക്കം

Increase Font Size Decrease Font Size Print Page
e

ന്യൂഡൽഹി: സ്‌പീക്കർ ഓം ബിർളയ്‌ക്കെതിരെയുളള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു. ചർച്ച തുടങ്ങിയത് ബഹളത്തോടെ. ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് ഡോ. മുഹമ്മദ് ജാവേദ് അവിശ്വാസപ്രമേയ നോട്ടീസ് വായിച്ചുതുടങ്ങിയപ്പോൾ, ബി.ജെ.പി എം.പി ജഗദംബികാപാൽ സഭ നിയന്ത്രിക്കുന്നതിനെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിൻ ഒവൈസി ചോദ്യംചെയ്‌തു. സ്‌പീക്ക‌ർ പാനലിലുള്ള ജഗദംബികാപാലിനെ ഓം ബിർളയാണ് നിയോഗിച്ചത്. ഓം ബിർളയ്‌ക്കെതിരെയുള്ള പ്രമേയം പരിഗണിക്കുമ്പോൾ അദ്ദേഹം നിയമിക്കുന്നയാൾ ചെയറിലുണ്ടാകുന്നത് ഭരണഘടനയ്‌ക്കും ചട്ടങ്ങൾക്കും സുപ്രീംകോടതി വിധികൾക്കും എതിരാണെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. മറ്റു പ്രതിപക്ഷ എം.പിമാരും ഈ വാദത്തെ അനുകൂലിച്ചു. ഏഴുവർഷമായി ഡെപ്യൂട്ടി സ്‌പീക്കറില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. നിയമനം നടത്താൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. ഭരണഘടനാശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു. ജഗംബികാപാലിന് ചെയറിലിരിക്കാൻ എല്ലാ അധികാരവുമുണ്ടെന്ന് ബി.ജെ.പി എം.പിയും മുൻകേന്ദ്രമന്ത്രിയുമായ രവിശങ്കർപ്രസാദ് തിരിച്ചടിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ വിമർശനങ്ങളെ ജഗദംബികാപാൽ അംഗീകരിച്ചില്ല. 50ലധികം പ്രതിപക്ഷാംഗങ്ങൾ അനുകൂലിച്ചതോടെ, 10 മണിക്കൂ‌ർ ചർച്ചയ്‌ക്ക് അനുമതി നൽകി. ഉച്ചഭക്ഷണത്തിനു പിരിഞ്ഞശേഷം സഭ ചേർന്നപ്പോൾ ടി.ഡി.പിയിലെ കൃഷ്‌ണപ്രസാദ് തെനേറ്റി സഭ നിയന്ത്രിച്ചു. ഡോ. മുഹമ്മദ് ജാവേദിന് പുറമെ കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷ് എം.പിയും, ഡോ. മല്ലു രവി എം.പിയും അവിശ്വാസപ്രമേയ നോട്ടീസ് നൽകിയിരുന്നു. ഇന്ന് ചർച്ച പൂർത്തിയാക്കി വോട്ടിനിടാനാണ് സാദ്ധ്യത.

നേർക്കുനേ‌ർ വാക്പോര്

ലോക്‌സഭയിലെ കോൺഗ്രസിന്റെ ഉപനേതാവ് ഗൗരവ് ഗൊഗൊയ്‌യാണ് ചർച്ചയ്‌ക്ക് തുടക്കമിട്ടത്. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയചർച്ചയിൽ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രസംഗിക്കുന്നതിനിടെ 20ൽപ്പരം തവണയാണ് ഓം ബിർളയും ഭരണപക്ഷത്തെ മുതിർന്ന നേതാക്കളും തടസപ്പെടുത്തിയത്. സഭയുടെ അന്തസും ഭരണഘടനയെയും സംരക്ഷിക്കാനാണ് സ്‌പീക്കർക്കെതിരെ പ്രമേയം കൊണ്ടുവരേണ്ടി വന്നതെന്നും ഗൊഗൊയ് പറഞ്ഞു. മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പുസ്‌തകത്തെ കുറിച്ച് പരാമർശിച്ചതും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ഇടപെട്ടു. സ്‌പീക്കറെ കുറിച്ചാണ് ചർച്ചയെന്നും അതുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറയരുതെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ ഏറ്റവുമധികം തടസപ്പെടുത്തിയ പാർലമെന്ററി കാര്യമന്ത്രി റിജിജുവാണെന്ന് ഗൗരവ് ഗൊഗെയായ് ആരോപിച്ചപ്പോൾ, ഇങ്ങനെയൊരു പ്രതിപക്ഷം ഇതിനു മുമ്പപണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിമർശിച്ചു.

നെഹ്റുവിനോട് ഇപ്പോൾ ബഹുമാനമോ?

1954ൽ അന്നത്തെ സ്‌പീക്കർ ജി.വി.മാവലങ്കറിനെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നപ്പോൾ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞ വാക്കുകൾ കിരൺ റിജിജു സഭയിൽ വായിച്ചു. ഒപ്പിട്ടവർ പ്രമേയം വായിച്ചിരുന്നുവെങ്കിൽ ഒരിക്കലുമതിന് തയ്യാറാകില്ലായിരുന്നുവെന്ന് നെഹ്റു പറഞ്ഞിരുന്നുവെന്ന് കൂട്ടിച്ചേർത്തു. രാവും പകലുമില്ലാതെ നെഹ്‌റുവിനെ വിമർശിക്കുന്നവരാണിത് പറയുന്നതെന്ന് പ്രിയങ്കാ ഗാന്ധി എം.പി പരിഹസിച്ചു. പെട്ടെന്ന് നെഹ്റുവിനോട് ബഹുമാനം തുടങ്ങിയിരിക്കുന്നുവെന്നും പ്രതികരിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.