
തൃശൂർ: പൊലീസുകാരിക്കെന്താ നാടോടിനൃത്തത്തിൽ കാര്യമെന്ന ചോദ്യമില്ല. നാടോടിനൃത്തവേദിയിൽ പൊലീസുകാരിയായി കളിയ്ക്കാം, എ ഗ്രേഡും നേടാമെന്ന് അദീന മെൽവിൻ തെളിയിച്ചു.
കുറവനും കുറത്തിയും ചീരുവും ചിരുതയുമെല്ലാം കണ്ട് മടുത്തവർക്ക് വേറിട്ട കൗതുക കാഴ്ചയായിരുന്നു തിരുവനന്തപുരം പൂന്തുറ സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനി അദീന. ഇടിമുട്ടി സാറാമ്മ എന്ന വനിതാ ഇൻസ്പെക്ടറായിരുന്നു വേഷം. ലഹരിക്ക് അടിമയായ മകൻ്റെ അമ്മ. ഒരു ലഹരികേസിൽ മകനെ വെറുതേ വിടണമെന്ന് പറയുമ്പോൾ നിയമം നടപ്പാക്കുന്ന ഇൻസ്പെക്ടർ, ലഹരിക്കെതിരേയുളള സന്ദേശമേകി.
നൃത്തം കഴിഞ്ഞിറങ്ങിയപ്പോൾ എല്ലാവരും അദീനയ്ക്കു ചുറ്റും കൂടി. പലരും ഫോട്ടോയെടുത്തു. കാലിന് അസുഖം ബാധിച്ചെങ്കിലും വേദന കടിച്ചമർത്തിയാണ് നൃത്തവേദിയിൽ അദീന ചുവടുവെയ്ക്കുന്നത്. ജോമറ്റ് അറയ്ക്കനാണ് കൊറിയോഗ്രാഫിയും രചനയും നിർവഹിച്ചത്.
എട്ടാം ക്ളാസിൽ പഠിക്കുമ്പോഴും നാടോടിനൃത്തത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. ഭരതനാട്യത്തിലും മത്സരിക്കുന്നുണ്ട്. രശ്മി നായരാണ് ഗുരു.
പൂന്തുറ ചേരിയാമുട്ടം പള്ളിവിളാകം സ്വദേശിയായ അദീന യു.കെയിൽ ജോലി ചെയ്യുന്ന മെൽവിൻ്റേയും ഷാലിമയുടേയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |