
ന്യൂൽഡഹി: ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട അതിവേഗ ആക്രമണ പോരാട്ട യൂണിറ്റായ ഭൈരവ് ബറ്റാലിയൻ. ഇതുൾപ്പെടെയുള്ള സൈനികശക്തി നേരിൽകണ്ട് ജനം വിസ്മയിച്ചു. ആദ്യമായാണ് സൈനിക മേഖലയ്‌ക്ക് പുറത്ത് കരസേനാ ദിനം ആഘോഷിക്കുന്നത്. ജയ്‌പൂരിലെ മഹൽ റോഡാണ് 78-ാമത് ആർമി ദിന പരേഡിന് വേദിയായത്. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുഖ്യാതിഥിയായി. ആഷ്‌നി പ്ലാറ്റൂണുകൾ, ശക്തിബാൻ റെജിമെന്റുകൾ, ദിവ്യാസ്ത്ര ബാറ്ററികൾ തുടങ്ങിയവയിലൂടെ ഭാവി യുദ്ധത്തിനായി സൈന്യത്തെ പരിഷ്‌കരിക്കുകയാണെന്ന് ജനറൽ ദ്വിവേദി പറഞ്ഞു. ഇതിനായി രണ്ട് വർഷം നെറ്റ്‌വർക്കിംഗിലും ഡാറ്റാ കേന്ദ്രീകൃത പ്രവർത്തനങ്ങളിലും ശ്രദ്ധിക്കും. ഓപ്പറേഷൻ സിന്ദൂറിലെ വേഗത, ഏകോപനം, കൃത്യത എന്നിവ സൈന്യത്തിന്റെ കഴിവ് പ്രകടമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ചേതകിന്റെ മാർച്ച് പാസ്‌റ്റ്
ഭൈരവ് ബറ്റാലിയനെ കാണികൾ കൈയടിയോടെ സ്വീകരിച്ചു. ബ്രഹ്മോസ് മിസൈലുകൾ, കാമികേസ് ഡ്രോണുകൾ പ്രദർശനത്തിന്റെ പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ, നവീകരിച്ച ബിഎം-21 റോക്കറ്റ് സിസ്റ്റം, സൂര്യാസ്ത്ര എന്നറിയപ്പെടുന്ന യൂണിവേഴ്‌സൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റം, അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം, എം. 777 അൾട്രാ-ലൈറ്റ് ഹോവിറ്റ്സർ തുടങ്ങിയ പീരങ്കി സംവിധാനങ്ങളും അർജുൻ ടാങ്കുകൾ, കെ-9 വജ്ര, ധനുഷ് തോക്കുകൾ, ബി.എം.പി ഇൻഫൻട്രി കോമ്പാക്‌ട് വാഹനങ്ങൾ തുടങ്ങിയവയും സൈന്യം പ്രദർശിപ്പിച്ചു. ചേതക് ഹെലികോപ്റ്ററുകളുടെ മാർച്ച് പാസ്‌റ്റും ആകർഷകമായി.
ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ചവർക്കുള്ള മരണാനന്തര ബഹുമതിയായി അവരുടെ കുടുംബങ്ങൾക്ക് സേനാ മെഡൽ സമ്മാനിച്ചു. സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, രാജസ്ഥാൻ ഗവർണർ ഹരിഭാവു ബഗാഡെ, മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ, മന്ത്രിസഭാംഗങ്ങൾ, സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്തു.
മദ്രാസ് റെജിമെന്റിന്റെ ചെണ്ടമേളം
രാജസ്ഥാനിലെ കൽബേലിയ, ഗൈർ നൃത്തങ്ങൾ, മദ്രാസ് റെജിമെന്റിന്റെ ചെണ്ടമേളം ഉൾപ്പെടെ സാംസ്കാരിക പ്രകടനങ്ങൾ നടന്നു. വൈകിട്ട് നടന്ന ശൗര്യ സന്ധ്യയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |