
മഹാ.കോർ. തിരഞ്ഞെടുപ്പ് പോളിംഗ് 50%, വോട്ടെണ്ണൽ ഇന്ന്
മുംബയ്: മുംബയ് കോർപറേഷനിലേക്ക് (ബി.എം.സി) നടന്ന വോട്ടെടുപ്പിൽ ബി.ജെ.പി-ശിവസേന സഖ്യത്തിന് മുൻതൂക്കമെന്ന് എക്‌സിറ്റ് പോൾ. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും(107-154) ശിവസേന (യു.ബി.ടി) രണ്ടും(44-68) കോൺഗ്രസ് മൂന്നും(14-25) സ്ഥാനത്തുമെത്തുമെന്നും പറയുന്നു. 227 സീറ്റുകളുള്ള മുംബയ് മുനിസിപ്പൽ കോർപറേഷൻ ഭരിക്കാൻ കുറഞ്ഞത് 114 സീറ്റുകൾ വേണം.
മഹാരാഷ്‌ട്രയിലെ 29 കോർപറേഷനുകളിലേക്ക് ഇന്നലെ രാവിലെ 7.30ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5.30 ഓടെ അവസാനിച്ചു. 50% പോളിംഗ് രേഖപ്പെടുത്തി. ഇന്നാണ് വോട്ടെണ്ണൽ. അതിനിടെ, തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി പ്രതിപക്ഷത്തെ നവനിർമാൺ സേന ആരോപിച്ചു. വോട്ടു ചെയ്‌തവർ വിരലിൽ പുരട്ടിയ മഷി അസിട്ടോൺ എന്ന രാസവസ്തു ഉപയോഗിച്ച് മായ്‌ച് വീണ്ടും വോട്ടു ചെയ്‌തെന്ന് പാർട്ടി നേതാവ് രാജ് താക്കറെ ആരോപിച്ചു. മുംബയ് കോർപറേഷൻ ആരോപണം നിഷേധിച്ചെങ്കിലും കൂടുതൽ ആരോപണങ്ങൾ ഉയർന്നതോടെ അന്വേഷണം നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു.
വരിനിൽക്കാതെ വോട്ട് ചെയ്ത
ഹേമമാലിനിക്കെതിരെ പ്രതിഷേധം
നടിയും ബി.ജെ.പി എം.പിയുമായ ഹേമ മാലിനിക്കുനേരെ വോട്ടറുടെ രോഷപ്രകടനം. ഇന്നലെ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം അവർ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണിത്. ഹേമമാലിനി വരി നിൽക്കാതെയാണ് വോട്ട് രേഖപ്പെടുത്തിയതെന്നും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധി ബോളിവുഡ് താരങ്ങൾ ബി.എം.സി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |