
19 വരെ റിമാൻഡിൽ
കൊച്ചി: ടാൻസാനിയയിൽ നിന്ന് കശുഅണ്ടി ഇറക്കുമതി ചെയ്‌തു നൽകാമെന്ന് വിശ്വസിപ്പിച്ച് 25.52 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്‌ത കൊല്ലം അമ്പലക്കര സ്വദേശി അനീഷ് ബാബുവിനെ 19 വരെ റിമാൻഡ് ചെയ്‌തു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇ.ഡി 19ന് കൊച്ചിയിലെ കള്ളപ്പണ നിരോധന നിയമം കൈകാര്യം ചെയ്യുന്ന കോടതിയിൽ അപേക്ഷ സമർപ്പിക്കും.
2021ൽ ഇ.ഡി രജിസ്റ്റർ ചെയ്‌ത കേസിൽ 10 തവണ നോട്ടീസ് നൽകിയെങ്കിലും ഹാജരാകാതിരുന്ന അനീഷ് ബാബുവിനെ ബുധനാഴ്‌ച രാത്രി പത്തോടെയാണ് ഇ.ഡി അറസ്റ്റു ചെയ്‌തത്. ജാമ്യ ഹർജി കോടതി തള്ളി. സ്വദേശത്തും വിദേശത്തും വൻസാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഇ.ഡിക്ക് വിശദമായ അന്വേഷണം നടത്തേണ്ടതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.കൊല്ലത്തെ കശുഅണ്ടി വ്യവസായികൾ നൽകിയ പരാതികളിൽ പൊലീസ് രജിസ്റ്റർ ചെയ്‌ത അഞ്ചു കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ അന്വേഷണം. കൊല്ലത്തെ വാഴവിള കാഷ്യൂസ്, ആഫ്രിക്കയിലെ ടാൻസാനിയിലെ ബി. സതേൺ ട്രേഡ് ലിമിറ്റഡ്, ഷാർജയിലെ പ്രെയ്‌സ് എക്‌സ്‌പോർട്ട് എന്നീ കമ്പനികളുടെ പേരിൽ 25,52,79,015 രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തി. കള്ളപ്പണയിടപാടുകളും നടത്തിയിട്ടുണ്ട്.
വ്യവസായികളിൽ നിന്ന് പണം വാങ്ങിയെങ്കിലും കണ്ടുഅണ്ടി നൽകിയില്ലെന്ന് ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തി. പണം തിരികെ നൽകിയിട്ടുമില്ല. ഇടപാട് നടത്തിയതായി വ്യാജ രേഖകളും ബില്ലുകളും സന്ദേശങ്ങളും വ്യവസായികൾക്ക് നൽകി. ശേഖരിച്ച പണത്തിൽ ഒരു ഭാഗം വിദേശത്ത് സൂക്ഷിക്കുകയും വക മാറ്റുകയും ചെയ്‌തു. കൊച്ചി പച്ചാളത്തെ താമസസ്ഥലത്തെത്തി നൽകിയ നോട്ടീസ് പ്രകാരം അനീഷ് കടവന്ത്രയിലെ ഇ.ഡി ഓഫീസിലെത്തിയെങ്കിലും സഹകരിക്കാനോ ആവശ്യപ്പെട്ട രേഖകൾ നൽകാനോ തയ്യാറായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |