
കണ്ണൂർ: സ്‌കൂൾ കെട്ടിടത്തിൽ നിന്നുവീണ് മസ്തിഷ്കമരണം സംഭവിച്ച അയോണ മോൺസൺ (17) അഞ്ചുപേർക്ക് പുതുജീവനേകി. വൃക്കകൾ, കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്തു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ രോഗിക്കും മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കുമാണ് നൽകിയത്. കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗിക്കാണ് കരൾ ദാനംചെയ്തത്. നേത്രപടലങ്ങൾ തലശ്ശേരി ജില്ലാ ആശുപത്രിയിലെ രോഗികൾക്കാണ് നൽകുന്നത്.
കണ്ണൂർ പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു പയ്യാവൂർ കൊശവൻവയൽ, കട്ടിയാങ്കൽ വീട്ടിൽ അയോന മോൻസൺ. 12ന് രാവിലെ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പയ്യാവൂർ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 14ന് രാത്രി മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.
പഠിക്കാൻ മിടുക്കിയായിരുന്ന അയോണ ലാബിൽ പരീക്ഷയുണ്ടെന്ന് പറഞ്ഞാണ് സ്‌കൂളിലെത്തിയത്. അമ്മ വിദേശത്തേക്ക് പോകുന്നതിന്റെ മാനസികപ്രയാസമുണ്ടായിരുന്നുവെന്നാണ് വിവരം. കെ.എം.മോൻസൺ, അനിത എന്നിവരാണ് മാതാപിതാക്കൾ. മാർട്ടിൻ മോൻസൺ, എയ്ഞ്ചൽ മോൻസൺ എന്നിവർ സഹോദരങ്ങളാണ്.
ഭൗതിക ശരീരം നിയമ നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം ഇന്ന് രാവിലെ ഏഴിന് കൊശവൻവയലിലെ വീട്ടിൽ ശുശ്രൂഷകൾക്ക് ശേഷം 11 മുതൽ സെന്റ് ഫ്രാൻസീസ് അസീസി സൺഡേ സ്‌കൂൾ ഹാളിൽ പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് തിരൂർ സെന്റ് ഫ്രാൻസിസ് അസീസി ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്‌കാര ശുശ്രൂഷകൾ നടക്കും.
കൊമേഴ്ഷ്യൽ വിമാനത്തിൽ
അവയവമെത്തിക്കുന്നത് ആദ്യം
അയോണയുടെ വൃക്ക ഇൻഡിഗോ വിമാനത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ നിന്ന് മറ്റൊരിടത്തേക്ക് കൊമേഴ്ഷ്യൽ വിമാനത്തിൽ അവയവം എത്തിച്ചത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരക്കൂടുതൽ പരിഗണിച്ച് കൃത്യസമയത്ത് വൃക്ക എത്തിക്കാനാണ് വിമാനമാർഗം തിരഞ്ഞെടുത്തത്. കെ- സോട്ടോയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |