കൊല്ലങ്കോട്: ജലദൗർലഭ്യതയെ തുടർന്ന് കർഷകർ ഹ്രസ്വകാല മൂപ്പിനങ്ങളിലേക്ക് ചുവടുമാറ്റുന്ന കാലത്ത് അഞ്ചേക്കറിൽ പൊന്മണി ഒറ്റഞാർ കൃഷിചെയ്ത് വ്യത്യസ്തനാവുകയാണ് എക്‌സൈസ് ജീവനക്കാരനായ ജയപ്രകാശ്.
മുതലമട കണ്ണാച്ചി ചള്ളയിലെ ഈ യുവ കർഷകൻ പായ് ഞാറ്റടി തയ്യാറാക്കി എസ്.ആർ.ഐ രീതിയിലാണ് കൃഷിചെയ്യുന്നത്. ഒറ്റഞാർ നടുന്നതോടൊപ്പം രണ്ടുചെടികൾ തമ്മിലും രണ്ട് വരികൾ തമ്മിലും 25 സെന്റി മീറ്റർ അകലം വരുന്ന രീതിയിൽ മാർക്ക് ചെയ്ത് കയർ പിടിച്ചാണ് നടീൽ പൂർത്തിയാക്കിയത്. യന്ത്രവത്കൃത കളനിയന്ത്രണത്തിനും ഇത് സഹായകമാവും.
നെൽകൃഷിക്ക് പുറമേ പത്തേക്കറിൽ വെണ്ട, വഴുതന, പാവൽ, പടവലം തുടങ്ങിയവയോടൊപ്പം മാവിൻതോട്ടവും മത്സ്യകൃഷിയുമുണ്ട്. തന്റെ ഔദ്യോഗിക ജീവിതത്തിനിടയിലും കൃഷിക്കായി സമയം കണ്ടെത്തുന്ന ജയപ്രകാശ് പുതിയ തലമുറയ്ക്ക് മാതൃകയാണ്. കണ്ണാച്ചിചള്ളയിൽ നടന്ന ഒറ്റഞാർ നടീലിൽ മുതലമട കൃഷി ഓഫീസർ എസ്.എസ്.സുജിത്, കൃഷി അസിസ്റ്റന്റ് വി.ലിഖിത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |