
കല്ലറ: വാമനപുരം മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ ഇനി ഹൈടെക്. മുതുവിള - പരപ്പിൽ - ചെല്ലഞ്ചി,പേരയം - കുടവനാട് - പാലുവള്ളി,നന്ദിയോട് റോഡിന്റെ 22 കോടി രൂപയുടെ നിർമ്മാണമാണ് പൂർത്തിയാകുന്നത്.15 കിലോ മീറ്ററോളം നീളമുള്ള മുതുവിള മുതൽ പരപ്പിൽ ചെല്ലഞ്ചി,പേരയം - കുടവനാട്,പാലുവള്ളി വഴി നന്ദിയോട് എത്തുന്ന 13.5 കിലോമീറ്രർ റോഡിന്റെ നിർമ്മാണവും ബി.എം ബി.സി നിലവാരത്തിൽ പൂർത്തിയാകാറായി. 5.5 മീറ്റർ വീതി കൂട്ടി 13.5 കോടി രൂപ ചെലവിട്ടാണ് റോഡ് നവീകരിക്കുന്നത്.
ഇതിൽ കുടവനാട് മുതൽ പാലുവള്ളി വരെയുള്ള 2 കിലോമീറ്ററും,പേരയം മുതൽ കുടവനാട് വരെയുള്ള 1.5 കിലോമീറ്ററുമാണ് ഇനി പൂർത്തീകരിക്കുന്നത്. ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 5 കോടി രൂപ വിനിയോഗിച്ചുള്ള 4.5 കിലോമീറ്റർ ദൂരമുള്ള താന്നിമൂട് - കുടവനാട് പേരയം റോഡിന്റെ പ്രവൃത്തിയും ആരംഭിച്ചു.കുടവനാട് - പാലുവള്ളി റോഡിന്റെ ഭാഗം നവീകരിക്കാനുള്ള പ്രാരംഭനടപടികളും സ്വീകരിച്ചിട്ടുണ്ട്.ചെല്ലഞ്ചി ഭാഗത്തെ റീട്ടെയിനിംഗ് വാളിന്റെ നിർമ്മാണം അടുത്തയാഴ്ച പൂർത്തിയാകുന്നതോടെ ഇവിടെയും ടാർ ചെയ്യും.ആനകുളം ടവർ ജംഗ്ഷൻ മുതൽ ആർ.എസ്.പുരം വരെയുള്ള ഭാഗവും ഇതിനോടൊപ്പം നവീകരിക്കുന്നുണ്ട്.
പ്രാരംഭഘട്ടത്തിൽ റോഡുകൾ
പാലുവള്ളി ജംഗ്ഷൻ മുതൽ ആനകുളം ടവർ വരെയുള്ള 2 കിലോമീറ്റർ റോഡും ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കുന്ന പ്രവൃത്തിക്കും കരാറായിക്കഴിഞ്ഞു.നിർമ്മാണം ഉടൻ ആരംഭിക്കും.3.5 കോടി രൂപയാണ് ഇതിന്റെ ടെൻഡർതുക. കിഫ്ബി ഫണ്ടിംഗിലൂടെ കേരളാ റോഡ് ഫണ്ട് ബോർഡും പി.ഡബ്ല്യു.ഡി.യുമാണ് നിർമ്മാണം നടത്തുന്നത്. റോഡുകൾ പൂർത്തിയാകുന്നതോടെ വാമനപുരം,കല്ലറ,പനവൂർ,നന്ദിയോട് പഞ്ചായത്ത് പ്രദേശത്തുകാർക്ക് ചെല്ലഞ്ചി പാലം വഴി വളരെ എളുപ്പത്തിൽ എം.സി റോഡിലേക്കും തിരുവനന്തപുരം - തെങ്കാശി പാതയിലേക്കും യാത്ര ചെയ്യാനാകുമെന്ന് ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു.
ഫോട്ടോ: നിർമ്മാണം പൂർത്തിയായ പരപ്പിൽ ചെല്ലഞ്ചി റോഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |