
ആലപ്പുഴ: ബാദ്ധ്യതകളുടെ പേരിൽ ഉടമസ്ഥന്റെ വസ്തുവകകൾ ജപ്തി ചെയ്തപ്പോൾ വഴിയാധാരമായി വ്യാപാരി. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം 2018 മുതൽ ബേക്കറി നടത്തിവരികയായിരുന്ന തുറവൂർ സ്വദേശി ഉബൈദാണ് ബാങ്ക് നടപടികളിൽ പെരുവഴിയിലായത്. ഉബൈദിന്റെ സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടം ഉൾപ്പെടുന്ന ഭാഗം ഇന്നലെ രാവിലെയാണ് സ്വകാര്യ ബാങ്ക് ജീവനക്കാരെത്തി ജപ്തി ചെയ്തത്. സ്ഥാപനം നിലനിൽക്കുന്ന ഭാഗവും ജപ്തിയിൽ ഉൾപ്പെടുമെന്ന് ഉബൈദിന് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. ഇന്നലെ പതിവ് പോലെ രാവിലെ കട തുറന്നെങ്കിലും അധികം വൈകാതെ ബാങ്ക് ജീവനക്കാരെത്തി നടപടികളുമായി മുന്നേറുകയായിരുന്നു. മുറിയിലെ ഇന്റീരിയർ വർക്കുകൾ മുതൽ സാധന സാമഗ്രികൾ വരെ നീക്കം ചെയ്യുന്നതിന് ഉബൈദ് സമയം ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അനുവദിച്ചില്ല. പല ഡീലർമാരിൽ നിന്ന് കടം വാങ്ങിവച്ചിരിക്കുന്ന ഉത്പന്നങ്ങൾ ഉൾപ്പടെ കടയ്ക്കുള്ളിലാണെന്ന് ഉബൈദ് പറയുന്നു. ഭാര്യയും മൂന്ന് കുട്ടികളും വൃദ്ധമാതാവുമടങ്ങുന്ന കുടുംബം ഉബൈദിന്റെ വരുമാനത്തിലാണ് കഴിയുന്നത്. കട പൂട്ടുകയും സാധനങ്ങൾ മാറ്റാൻ സാധിക്കാതെ വരികയും ചെയ്തതോടെ കുടുംബം പ്രതിസന്ധിയിലാണ്. തന്റെ സാധനങ്ങൾ മാറ്റുന്നതിനായി മുറി തുറന്നു നൽകുന്നതിന് പൊലീസ് സഹായം ആവശ്യമാണെന്ന് ഉബൈദ് അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |