
തിരുവനന്തപുരം: ചികിത്സാനിരക്ക് പ്രദർശിപ്പിക്കുന്നതുൾപ്പെടെയുള്ള ആരോഗ്യവകുപ്പിന്റെ നിർദ്ദേശം നടപ്പാക്കില്ലെന്ന് സ്വകാര്യ ആശുപത്രി ഉടമകൾ.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ അപ്രായോഗിക വ്യവസ്ഥകൾക്കെതിരായ കേസ് സുപ്രീംകോടതിയിലാണ്. ഇതിൽ തീരുമാനമാകാതെ വ്യവസ്ഥകൾ നടപ്പാക്കില്ലെന്നാണ് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷന്റെ നിലപാട്.
എന്നാൽ അസോസിയേഷന്റെ കേസ് ഹൈക്കോടതി തള്ളിയതാണെന്നും നിയമാനുസൃതമായാണ് സർക്കാർ നിർദ്ദേശങ്ങളിറക്കിയതെന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് കൗൺസിൽ അധികൃതർ വ്യക്തമാക്കി. വ്യാപാര സ്ഥാപനങ്ങളിലേതുപോലെ ചികിത്സാ നിരക്ക് പ്രദർശിപ്പിക്കാനാകില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്.
ചികിത്സയും തുകയും ഇതുമായി ബന്ധപ്പെട്ട കോ-ഓർഡിനേറ്റർമാർ രോഗികളോട് വിശദീകരിക്കുന്നതാണ് പ്രായോഗികം. മൂത്രാശക്കല്ലിന്റെ ശസ്ത്രക്രിയ കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യസ്ഥിതിയനുസരിച്ച് വ്യത്യാസമുണ്ടാകും. ഈ സാഹചര്യത്തിൽ എങ്ങനെ കൃത്യമായ നിരക്ക് പ്രദർശിപ്പിക്കുമെന്നും ആശുപത്രി ഉടമകൾ ചോദിക്കുന്നു.
ആശുപത്രികൾ, ലബോറട്ടറികൾ, ദന്തചികിത്സാകേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യകേന്ദ്രങ്ങൾ എന്നിവയിൽ കിടക്കകളുള്ളതും പരിശോധന മാത്രമുള്ളതുമായ എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്.
പണം മുൻകൂർ അടച്ചില്ലെങ്കിലും ചികിത്സ നിഷേധിക്കരുത്
അത്യാഹിതത്തിലെത്തുന്ന രോഗികൾ മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്.
കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ യാത്രാസൗകര്യമൊരുക്കണം
ഡിസ്ചാർജ് ചെയ്താലുടൻ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം.
എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെൽ വേണം.
പരാതികൾ ഏഴ് ദിവസത്തിനുള്ളിൽ തീർപ്പാക്കണം.
രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ജനം കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം
അപ്രായോഗിക നിർദ്ദേശങ്ങൾ നടപ്പാക്കാനാകില്ല. സ്വകാര്യ ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്ന വ്യവസ്ഥകൾ അടിച്ചേൽപ്പിച്ചാൽ അത് സാധാരണക്കാർക്കുള്ള മെച്ചപ്പെട്ട ചികിത്സയെ ബാധിക്കും.
-ഡോ.അൻവർ മുഹമ്മദ് അലി
ജനറൽ സെക്രട്ടറി,
പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |