
കെ.കെ.രമ എം.എൽ.എ
(ആർ.എം.പി.ഐ)
? തീവ്ര ഇടതുപക്ഷമായി രൂപംകൊണ്ട ആർ.എം.പി.ഐ ഇപ്പോൾ യു.ഡി.എഫ് പാളയത്തിലാണല്ലോ...
ആർ.എം.പി.ഐ യു.ഡി.എഫ് ഘടകകക്ഷിയല്ല. വടകരയിൽ മത്സരിച്ചപ്പോൾ യു.ഡി.എഫ് പിന്തുണച്ചു. പിന്നെ സി.പി.എമ്മിന്റെ കാര്യം. അവർ ഇടതുപക്ഷ പാർട്ടിയാണോ? അല്ലെങ്കിൽ കമ്യൂണിസ്റ്റ് ആദർശത്തിൽ വിശ്വസിക്കുന്നവരാണോ? അങ്ങനെയെങ്കിൽ മതവും ജാതിയും പറഞ്ഞ് വോട്ട് പിടിക്കാനാവുമോ? ആദർശങ്ങളിൽ നിന്ന് വഴിമാറിയത് ഞങ്ങളല്ല; അവരാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് ആദർശത്തിൽ അടിയുറച്ചാണ് ഞങ്ങളുടെ നിലപാട്.
? സി.പി.എമ്മും ഇടതുപക്ഷവും കേരളത്തിൽ ദുർബലമാണെന്നാണോ.
എന്താണ് സംശയം? ഓരോ തിരഞ്ഞെടുപ്പിലും ജാതിയും മതവും നോക്കി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുകയും അതുപറഞ്ഞ് വോട്ടുപിടിക്കുകയും ചെയ്യുന്നത് കേരളത്തിൽ ഇടതുപക്ഷമല്ലേ- വിശേഷിച്ച് സി.പി.എം? ഇപ്പോൾ അവരുടെ നേതാക്കൾ നടത്തുന്ന വർഗീയ പ്രചാരണം അതിനു തെളിവല്ലേ? ഇതുവരെ കമ്യൂണിസ്റ്റുകാരെന്ന് പറയുന്ന ഏതെങ്കിലും ഒരു നേതാവ് ഇത്തരം പ്രസ്താവനകളെ തള്ളിപ്പറഞ്ഞോ? എ.കെ.ബാലനും സജി ചെറിയാനും അവരുടെ മുഖങ്ങളല്ലേ? സി.പി.എം ലക്ഷ്യംവയ്ക്കുന്നത് ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയമാണ്. അത് ബി.ജെ.പി നടത്താൻ ഉദ്ദേശിക്കുന്നതിനേക്കാൾ വേഗത്തിൽ സി.പി.എം നടപ്പിലാക്കുന്നു എന്നു മാത്രം.
? ഇത്തവണ യു.ഡി.എഫ് അധികാരത്തിൽ വരുമോ.
കേരളത്തിൽ ആർക്കും അതിൽ സംശയമില്ല. കാരണം, കഴിഞ്ഞ പത്തുവർഷമായി കേരളം ഭരിക്കുന്ന ഇടത് സർക്കാരിന്റെ ദുർഭരണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ജനം. അഴിമതി, കെടുകാര്യസ്ഥത, വികസന മുരടിപ്പ്, സ്വജനപക്ഷപാതം...ഇതല്ലേ അവരുടെ മുഖമുദ്ര? വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നു. പി.എസ്.സി നിയമനം പോലും നടക്കാതെ സമ്പൂർണ നിയമന നിരോധനമാണ്. കരാറുകാർക്ക് പണം കൊടുക്കാത്തതിനാൽ എം.എൽ.എ ഫണ്ട് പോലും വിനിയോഗിക്കാനാവാത്ത അവസ്ഥ. സാധാരണക്കാരനിലേക്ക് എന്ത് വികസനമാണ് എത്തിയത്? ഇതെല്ലാം ജനം കാണുന്നുണ്ട്. അതെല്ലാം യി.ഡി.എഫിന് അനുകൂല തരംഗമാവും.
? ശബരിമല സ്വർണക്കൊള്ളയിൽ നേതാക്കൾ ഒന്നൊന്നായി ജയിലിലേക്ക് പോവുകയാണല്ലോ...
ഇപ്പോൾ പിടിക്കപ്പെട്ടതിനേക്കാൾ വലിയ സ്രാവുകൾ ഇനി വലയിലാകും. കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമായതിനാലാണ് ഇത്രയും നടന്നത്. അയ്യപ്പന്റെ സ്വർണം കൊള്ള ചെയ്‌തെന്നതു മാത്രമല്ല കുറ്റം. ഇത്രയും കാലം ഈ തീവെട്ടിക്കൊള്ള നടക്കുമ്പോൾ സി.പി.എമ്മും സർക്കാരും മിണ്ടാതിരുന്നു. ഇതൊന്നും അറിയാഞ്ഞിട്ടാണോ? അല്ല. ഇതൊന്നും ഒരുകാലത്തും വെളിച്ചത്തു വരില്ലെന്ന് അവർ കരുതി.
? സി.പി.എമ്മിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാവുമോ.
എന്തിന് തിരിച്ചുപോകണം? അത്തരമൊരു ചിന്തയും ഉദിക്കുന്നില്ല. കാരണം സി.പി.എം ഇപ്പോൾ ഇടതുപക്ഷ പാർട്ടിയേ അല്ലാതായി. എതിർക്കുന്നവരെയും വിമർശിക്കുന്നവരെയും വെട്ടിവീഴ്ത്തുന്നൊരു സംവിധാനത്തിൽ പോകുന്നതിനേക്കാൾ നല്ലത് സ്വതന്ത്ര നിലപാടുമായി നല്ല കമ്മ്യൂണിസ്റ്റുകളായി നിലനിൽക്കുന്നതാണ്.
? ഇത്തവണ കൂടുതൽ സീറ്റ് ചോദിക്കുന്നുണ്ടോ.
സീറ്റ് ചോദിക്കാൻ ഞങ്ങൾ യു.ഡി.എഫ് ഘടകക്ഷിയല്ല. പാർട്ടി ആലോചിക്കുന്നത് മൂന്ന് സീറ്റുകളിൽ മത്സരിക്കാനാണ്. വടകരയ്ക്കു പുറമേ നാദാപുരവും കുന്ദംകുളവുമാണ് മത്സരിക്കാൻ ആഗ്രഹമുള്ള മണ്ഡലങ്ങൾ. ഈ സീറ്റുകളിൽ യു.ഡി.എഫ് പിന്തുണ തേടും. മറ്റു കാര്യങ്ങൾ പാർട്ടി സെക്രട്ടറി പറയും.
? കെ.കെ.രമ വടകരയിൽ ഇത്തവണയും മത്സരിക്കില്ലേ.
കെ.കെ.രമയല്ല, പാർട്ടി മത്സരിക്കും. സ്ഥാനാർത്ഥി ആരാണെന്ന് പാർട്ടി തീരുമാനിക്കും. ആരായാലും മത്സരിക്കുന്നത് ടി.പി. ചന്ദ്രശേഖരൻ തന്നെയാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |