SignIn
Kerala Kaumudi Online
Sunday, 08 March 2026 10.30 AM IST

ചിന്താമൃതം

Increase Font Size Decrease Font Size Print Page
s

''ഇന്ന്, ഒരല്പം പുരാണമായാലോ! തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്ക്, ശിക്ഷയേറ്റുവാങ്ങേണ്ടിവരുന്ന വ്യക്തികളെ നിരപരാധികളെന്നല്ലാതെ, മറ്റെന്തെങ്കിലും പേരുവിളിക്കാനുണ്ടോ? അപ്പോൾ, 'ബലിയാടുകൾ" ആരാണെന്നാണോ ആലോചിക്കുന്നത്? എന്നാൽ, അങ്ങനെയും വിളിച്ചോളു, കുഴപ്പമില്ല.പക്ഷെ, 'ഒരു വ്യവസ്ഥിതിയുടെ" എന്നുകൂടി ചേർക്കണേ! നമ്മുടെ പുരാണഗ്രന്ഥങ്ങളായ രാമായണത്തിലും, മഹാഭാരതത്തിലും ഭൂമിയിൽ സഹസ്രാബ്ദങ്ങൾക്കുശേഷമുള്ള മനുഷ്യരുടെ പ്രശ്നങ്ങൾക്കുപോലും പരിഹാരനിർദേശങ്ങൾ അതിലുണ്ട്! ഹസ്തിനപുരിയിൽ കൗരവന്മാരെയും, പാണ്ഡവന്മാരെയും ദ്രോണാചാര്യർ ആയുധവിദ്യ പഠിപ്പിക്കുന്ന കാലം. അവരോടൊപ്പം അസ്ത്രവിദ്യ പഠിക്കാൻ കൊതിച്ച് സൂതപുത്രനായ കർണനും ദ്രോണരുടെ ശിഷ്യനായി ചേർന്നു. ദ്രോണർ കൂടുതൽ വാത്സല്യമുള്ള അർജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചെങ്കിലും ക്ഷത്രിയനല്ലാത്തതിനാൽ കർണന് ബ്രഹ്മാസ്ത്രം ഉപദേശിച്ചുകൊടുത്തില്ല. മഹേന്ദ്രഗിരിയിൽ താമസിക്കുന്ന പരശുരാമൻ, ബ്രാഹ്മണബാലന്മാരെ ആയുധവിദ്യ പരിശീലിപ്പിക്കുന്നുണ്ടെന്നറിഞ്ഞ കർണൻ ഒരു ബ്രാഹ്മണബാലന്റെ വേഷത്തിൽ പരശുരാമനെ ചെന്നുകണ്ട്, താനൊരു ബ്രാഹ്മണനാണെന്നും, തന്നെയും അസ്ത്രാഭ്യാസം പഠിപ്പിക്കണമെന്നും അപേക്ഷിച്ചു. ഒറ്റനോട്ടത്തിൽതന്നെ കർണനെ ഇഷ്ടമായ പരശുരാമൻ മറ്റാർക്കും പറഞ്ഞുകൊടുക്കാതിരുന്ന പല വിദ്യകളും പഠിപ്പിച്ചു. ഒരു ദിവസം ആശ്രമത്തിനടുത്ത് പരിശീലിച്ചുകൊണ്ടിരുന്ന കർണൻ, മാനാണെന്നു കരുതി ഒരു മഹർഷിയുടെ പശുവിനെ അമ്പെയ്തു കൊന്നു! അതറിഞ്ഞ മഹർഷി കർണനെ ശപിച്ചു: 'നീ ശത്രുവിനോട് പോരിനുനിൽക്കുമ്പോൾ, നിന്റെ തേരിന്റെ ചക്രങ്ങൾ ഭൂമിയിൽ താണുപോവട്ടെയെന്നും, ആ സമയത്ത് ശത്രു നിന്നെ കൊന്നുകളയട്ടെയെന്നും"! കർണൻ ശാപമോക്ഷത്തിന് യാചിച്ചെങ്കിലും, മഹർഷി ചെവിക്കൊണ്ടില്ല. പരശുരാമൻ ഈ സംഭവങ്ങൾ ഒന്നുംതന്നെ അറിഞ്ഞില്ല. മിടുക്കനായ ശിഷ്യനോട് വാത്സല്യം തോന്നിയ അദ്ദേഹം കർണന് ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചു. ഒരു ദിവസം ആശ്രമത്തിൽ, കർണന്റെ മടിയിൽ തലവെച്ച് പരശുരാമൻ കിടന്നുറങ്ങിയ സമയത്ത് ഒരു വലിയ വണ്ട് പറന്നെത്തി തുടയിൽ കൊമ്പുകൾകൊണ്ട് തുളച്ചുകയറി. ഗുരുവിന്റെ ഉറക്കത്തിന് തടസ്സം വരരുതെന്നുകരുതി കർണൻ വേദന സഹിച്ചു. വണ്ട് തുളച്ചുതുളച്ച് തുടയിലെ മുറിവിൽനിന്ന് ചോരയൊഴുകി പരശുരാമന്റെ ദേഹം നനഞ്ഞു. അദ്ദേഹം ഉണർന്നു. 'എന്തുപറ്റി, ഭാർഗവകുമാരാ?", പരശുരാമൻ ചോദിച്ചു. കർണൻ വണ്ടിനെ കാണിച്ചു കൊടുത്തു. പരശുരാമൻ നോക്കിയ ഉടൻ വണ്ട് ചത്തുവീണ്, രാക്ഷസരൂപമെടുത്തു. പണ്ട്, ഭൃഗുമുനിയുടെ ഭാര്യയെ കട്ടുകൊണ്ടുപോകാൻ ശ്രമിച്ചതിന് മുനിശാപം മൂലം വണ്ടായിത്തീർന്ന 'ദംശൻ" എന്ന രാക്ഷസനായിരുന്നു അത്. ദംശൻ പോയ ഉടൻ പരശുരാമൻ ചോദിച്ചു: 'യഥാർഥത്തിൽ നീ ആരാണ്? ഇത്ര കടുത്ത വേദന സഹിക്കാനുളള കഴിവ് ബ്രാഹ്മണർക്കില്ല. ക്ഷത്രിയർക്കേ അതു സാധ്യമാവൂ. സത്യം പറയൂ!" കർണൻ, പരശുരാമന്റെ കാൽക്കൽ വീണു: 'സൂതനായ അധിരഥന്റെയും, രാധയുടെയും മകനായ കർണനാണ് താൻ. ബ്രഹ്മാസ്ത്രവിദ്യ അഭ്യസിക്കാനാണ് കളവു പറഞ്ഞ് ശിഷ്യനായത്. എന്നോടു ക്ഷമിക്കണം!" കോപം സഹിക്കാനാകാതെ പരശുരാമൻ കർണനെ ശപിച്ചു: 'വഞ്ചകാ! ശത്രുവിനോട് പോരിനു നിൽക്കുമ്പോൾ നിനക്ക് ഞാൻ പഠിപ്പിച്ച ആയുധവിദ്യകളൊന്നും ഓർമ വരാതാകട്ടെ!" കുറ്റബോധത്തോടെ നിന്ന കർണനോട് സഹതാപത്തോടെ പരശുരാമൻ പറഞ്ഞു: 'നിന്നെപ്പോലെ വീരനും യോഗ്യനുമായ മാറ്റൊരു ക്ഷത്രിയനുണ്ടാവില്ലെന്ന് ഗുരുവെന്ന നിലയ്ക്ക് ഞാൻ അനുഗ്രഹിക്കുന്നു!" പരശുരാമന്റെ ശാപവും, അനുഗ്രഹവും സന്തോഷമില്ലാതെ വാങ്ങിയ സൂര്യപുത്രൻ കർണൻ, സത്യത്തിൽ, ഒരു അപരാധിയായിരുന്നോ?" ഇപ്രകാരം, പ്രഭാഷകൻ, സദസ്യരോടു ചോദിച്ചപ്പോൾ, അതുവരെ, അവിടെയും, ഇവിടെയും അല്പമൊക്കെ കേട്ടിട്ടുള്ള പുരാണകഥയുടെ ഒരു ആധികാരികഭാഗം കേട്ടതിന്റെ നിറവിലായിരുന്നു സദസ്യരിൽ മിക്കവരും. ഒരു പുഞ്ചിരിയോടെ പ്രഭാഷകൻ ഇപ്രകാരം തുടർന്നു: 'ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്തോടെ, മഹാകവി കുമാരനാശാൻ, 1895ൽ, ഡോക്ടർ പല്പുവിന്റെ മേൽനോട്ടത്തിൽ, ബെംഗളൂരു ചാമരാജ്പേട്ടിലെ ചാമരാജേന്ദ്ര സംസ്കൃതമഹാപാഠശാലയിൽ 'ന്യായശാസ്ത്രം" പഠിക്കാൻ ചേർന്നു. അവിടെ കടുത്ത ജാതിവിവേചനമുണ്ടായിരുന്നതിനാൽ, രജിസ്റ്ററിൽ, ആശാന്റെ ജാതിപ്പേര് 'വൈശ്യ" എന്നായിരുന്നു എഴുതിയത്. പഠനത്തിൽ അതിസമർത്ഥനായിരുന്ന ആശാൻ, സഹപാഠികളുടെ എതിർപ്പുമൂലവും മറ്റും, പഠനം പൂർത്തിയാക്കിയില്ല. പിന്നീട്, മദ്രാസിലും (ചെന്നൈ), കൽക്കട്ട (കൊൽക്കത്ത)യിലും പഠനം തുടരാൻ ശ്രമിച്ചെങ്കിലും, പലയിടത്തും പ്ലേഗ് രോഗം ഒരു വില്ലനെപോലെ നിന്നതിനാൽ, അതു പൂർത്തിയാക്കാൻ കഴിഞ്ഞില്ല! 'കണ്ടാലറിയാൻ കഴിയാത്ത ജാതി, കേട്ടാലറിയാൻ കഴിയുമോ?"യെന്ന ഗുരുവചനത്തിന്റെ വെളിച്ചത്തിൽ, ആശാൻ, 'വൈശ്യ" എന്നെഴുതി പ്രവേശനം നേടിയതിനെ വിലയിരുത്തിയാൽ മതി. 'മാറ്റുവിൻ ചട്ടങ്ങളെ"യെന്ന കുമാരകവിയുടെ സമരാവേശം! അപ്പോൾ, എല്ലാം നന്നായി ചിന്തിച്ചു തീരുമാനിക്കു!" ഇപ്രകാരം, പ്രഭാഷകൻ നിർത്തിയപ്പോൾ, സദസ്യരിൽ പലരും മറ്റൊരു ലോകത്തിലായിരുന്നു.

TAGS: MORALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.