SignIn
Kerala Kaumudi Online
Sunday, 08 March 2026 8.26 AM IST

സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും

Increase Font Size Decrease Font Size Print Page
s

സ്ത്രീ ശാക്തീകരണത്തിൽ വലിയ കുതിച്ചുചാട്ടം ഇക്കാലയളവിൽ രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നത് നേരുതന്നെ. അതിൽത്തന്നെ ഏറ്റവും പ്രധാനം, ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സംവരണം വനിതകൾക്കു നൽകുന്ന ബിൽ, ഇപ്പോഴത്തെ കേന്ദ്ര സർക്കാർ നിയമമാക്കി മാറ്റിയതാണ്. അടുത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രാബല്യത്തിൽ വരുന്നതോടെ അഭൂതപൂർവമായ സ്ത്രീ ശാക്തീകരണത്തിനാണ്, നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കുക.

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ 2030-ഓടെ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളിൽ സുപ്രധാനമാണ് സമഗ്ര വിദ്യാഭ്യാസ പുരോഗതി. 'ആരും പിന്നിലല്ലാത്ത വിദ്യാഭ്യാസത്തിലൂടെ ജീവിതത്തെ പരിവർത്തനം ചെയ്യുക" എന്നതാണ് ഐക്യരാഷ്ട്രസഭ അടിസ്ഥാന ലക്ഷ്യമായി കരുതുന്നത്. സമഗ്രവും തുല്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയും,​ എല്ലാവർക്കും ആജീവനാന്ത പഠന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നു.

വിദ്യാഭ്യാസത്തിലെ

സ്ത്രീ മുന്നേറ്റം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെൺകുട്ടികളുടെ അനുപാതം വളരെ ഉയർന്നതാണെന്നത് യാഥാർത്ഥ്യമാണ്. ബിരുദ വിദ്യാർത്ഥികളിൽ 60 ശതമാനത്തിലധികവും,​ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിൽ 70 ശതമാനത്തിലധികവും പെൺകുട്ടികളാണ് എന്നത് വനിതാ മുന്നേറ്റത്തിന്റെ നേർക്കാഴ്ച കൂടിയാണ്. ഏതെങ്കിലുമൊരു സംവരണ ക്രമത്തിന്റെ ഭാഗമായല്ല; മറിച്ച് യോഗ്യതാ മാനദണ്ഡങ്ങളിൽ ഏറ്റവും മികവ് പുലർത്തിയതുകൊണ്ടു തന്നെയാണ് അവർക്ക് പ്രവേശനം ലഭിച്ചതും,​ ഉന്നത പഠനം തുടരുന്നതുമെന്നത് ഏറെ അഭിമാനകരം തന്നെ.

തൊഴിൽരംഗത്തെ

വെല്ലുവിളികൾ

വിദ്യാഭ്യാസ മേഖലയിലെ വനിതാ മുന്നേറ്റത്തിന്റെ മികവ് തിരിച്ചറിയുമ്പോൾത്തന്നെ,​ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിൽ ഗണ്യമായ വർദ്ധന ഉണ്ടായിട്ടില്ലെന്നത് കാണാതിരുന്നുകൂടാ. മാത്രമല്ല,​ വൈദഗ്ദ്ധ്യം തീരെ ആവശ്യമില്ലാത്ത തൊഴിൽ രംഗങ്ങളിൽ സ്ത്രീകളെ നിയമിക്കുകയും,​ വേതനം കുറഞ്ഞ തൊഴിൽ മേഖലകളിൽ സ്ത്രീകൾ കൂടുതലായി നിയമിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഈ കാലഘട്ടം നേരിടുന്ന വെല്ലുവിളിയാണ്. സ്ത്രീ- പുരുഷ വേതനത്തിലെ അന്തരം കുറഞ്ഞുവരുന്നുണ്ടെങ്കിലും കാർഷിക- കാർഷികേതര രംഗങ്ങളിൽ സ്ത്രീ-പുരുഷ വേതനത്തിന്റെ വ്യത്യാസം ഗ്രാമ,​ നഗര വ്യത്യാസം കൂടാതെ നിലവിലുണ്ട്.

ഐ.ടി പോലുള്ള പുതിയ മേഖലകളുടെ വരവോടെ സ്വകാര്യവത്കരണത്തിന്റെ പ്രവേഗം വർദ്ധിച്ചുവെന്നത് മറ്റൊരു യാഥാർഥ്യമാണ്. എന്നാൽ,​ അസംഘടിത മേഖലകളിൽ കുറഞ്ഞ കൂലി, കൂടുതൽ ജോലി സമയം, തൊഴിൽ അവകാശധ്വംസനം, തൊഴിൽ നിയമങ്ങളുടെ അഭാവം, എപ്പോൾ വേണമെങ്കിലും പിരിച്ചുവിടുകയും തിരിച്ചെടുക്കുകയും നിയമിക്കുകയും ചെയ്യുന്ന 'റിസർവ് ആർമി" സങ്കല്പം എന്നിവയെല്ലാം നിലനിൽക്കുന്നു.

സ്ത്രീകളുടെ തൊഴിൽ മുഖ്യധാരാവത്കരണത്തിന് വിധേയമാകും വിധം വൈവിദ്ധ്യമാർന്ന പദ്ധതികൾ ആവിഷ്കരിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. വികസന പ്രക്രിയകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും വീട്ടമ്മയുടെ വരെ സാമൂഹ്യ പങ്കാളിത്തവും കഴിവും (Potential) വികസനപ്രക്രിയയ്ക്കായി ഉപയോഗിക്കാനും കഴിയുന്ന രീതിയിൽ മാറ്റങ്ങളുണ്ടാവണം. 'കില"യും (Keral Institute of Local Administration) 'സഖി"യും ചേർന്നു നടത്തിയ പഠനത്തിൽ കാണുന്നത്, സ്ത്രീകൾക്ക് ഭൂസ്വത്തവകാശം പത്തു ശതമാനത്തിൽ താഴെ മാത്രമേയുള്ളൂവെന്നാണ്. സ്ത്രീകൾക്ക് ഭൂമിയുടെയും ആസ്തികളുടെയും മേൽ സ്വാഭാവികമായും പൂർണ അവകാശമുണ്ടാവേണ്ടത് ഇന്നിന്റെ കാവ്യനീതിയാണ്.

അതുപോലെ തന്നെ, സമൂഹത്തിലെ ആകർഷകമായ തൊഴിൽ മേഖലകളിൽ വ്യാപരിക്കാൻ അവർ തയ്യാറാകേണ്ടതുണ്ട്. പഠനം പൂർത്തീകരിക്കുന്ന മുറയ്ക്കുതന്നെ മത്സര പരീക്ഷകളിലൂടെ ഉന്നത നിലവാരമുള്ള ജോലികൾ തേടിപ്പിടിക്കാനും,​ അങ്ങനെ അഭിമാനപൂർവം തലയുയർത്തി നിൽക്കാനും അവർക്കു സാധിക്കുമ്പോൾ, സ്വാഭാവികമായും അവർ മുഖ്യധാരയിൽ ഇടംപിടിക്കും. അങ്ങനെ ലിംഗസമത്വവും ശാക്തീകരണവും തൊഴിലിന്റെ കൂടി മാഹാത്മ്യത്തിലൂടെ യാഥാർത്ഥ്യമാവുകയും ചെയ്യും. വാക്കുകളുടെ ആലങ്കാരികതയ്ക്കപ്പുറം, പ്രാവർത്തികമാക്കാവുന്ന രീതിയിലേക്ക് നമ്മുടെ ചിന്തകൾ മാറേണ്ടിയിരിക്കുന്നുവെന്ന് ചുരുക്കം.

അവകാശത്തിലെ

തുല്യനീതി

സ്ത്രീ - പുരുഷ സമത്വം, നമ്മുടെ ഭരണഘടനയിൽ വിവിധ അനുച്ഛേദങ്ങളിലായി അനുശാസിക്കുന്നുണ്ട്. സ്ത്രീ- - പുരുഷ വിവേചനം ഇല്ലാതാക്കുവാനുള്ള പൊതുവായ വ്യവസ്ഥകൾക്കൊപ്പം പ്രത്യേകമായ പല വ്യവസ്ഥകളും ഇതിനായി ഭരണഘടനയിൽ ഉൾച്ചേർത്തിരിക്കുന്നു. ഭാരതത്തിലെ എല്ലാ പൗരന്മാർക്കും നിയമത്തിനു മുന്നിലെ സമത്വം ഉറപ്പുനൽകുന്ന അനുച്ഛേദം - 14 പ്രകാരം,​ സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉറപ്പാക്കേണ്ടതുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി സർക്കാരിന് പ്രത്യേക നിയമനിർമ്മാണം നടത്താമെന്ന് അനുച്ഛേദം - 15 (3) പറയുന്നു.

അനുച്ഛേദം- 14ൽ പറയുന്ന,​ നിയമത്തിനു മുന്നിലെ തുല്യത എന്നത് തുല്യനിലയിൽ ഉള്ളവർക്കിടയിൽ മാത്രമേ സാദ്ധ്യമാകൂ, ചരിത്രപരമായും സാമൂഹ്യമായും അസമത്വം അനുഭവിക്കുന്ന സ്ത്രീക്ക് പുരുഷനൊപ്പം എത്തുന്നതിനായി പ്രത്യേക വ്യവസ്ഥയെന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യാവകാശമെന്നത് ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളിലൊന്നാണെങ്കിലും,​ ലിംഗനീതി എന്നത് ഇനിയും സാദ്ധ്യമാവാത്ത ലക്ഷ്യമായി നമ്മുടെ സമൂഹത്തിൽ തുടരുകയാണ്. രാജ്യത്താകെയും,​ വിവിധ സംസ്ഥാനങ്ങളിലെയും സാഹചര്യം പ്രത്യേകമായി വിലയിരുത്തി,​ പ്രത്യേക നിയമനിർമ്മാണവും പരിപാടികളും ആവിഷ്കരിക്കുന്നതിന് അനുമതി നൽകുന്നതിനും ഭരണഘടനയിൽ വ്യവസ്ഥയുണ്ട്.

വീണ്ടുമൊരു വനിതാ ദിനം ഇന്ന് ആഘോഷിക്കപ്പെടുന്നു. രാജ്യമെമ്പാടും ഈ ദിവസങ്ങളിലൊക്കെ വനിതാ ദിനാചരണത്തിന്റെ മാറ്റൊലി കേൾക്കുന്നുണ്ട്. സമൂഹ മാദ്ധ്യമങ്ങൾ റീൽസും സ്റ്റോറിയുമൊക്കെയായി സജീവമായിരിക്കുന്നു. പ്രകടനപരതയ്ക്കായുള്ള യാന്ത്രികമായ ആഘോഷങ്ങൾക്കും ആചരണങ്ങൾക്കും അപ്പുറം,​സുരക്ഷയും സംരക്ഷണവും സ്നേഹവും കരുതലും ഒരുക്കുകയാണ് യഥാർത്ഥ ദിനാചരണത്തിന്റെ ഭാഗമായി ഉണ്ടാകേണ്ടത്. നന്മകളും സ്വാതന്ത്ര്യവും പൂക്കുന്ന വസന്തം, നമ്മുടെ ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും ലഭ്യമാകണം. അതിന് ഇച്ഛാശക്തി മാത്രം മതി. അങ്ങനെ തുല്യതയുടെയും ന്യൂട്രാലിറ്റിയുടേയും പാഠങ്ങൾ അവരും അറിഞ്ഞനുഭവിക്കട്ടെ.

TAGS: COLUMNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.