
ഇന്ത്യയുടെ വാണിജ്യ, വ്യവസായ മേഖലയിലേക്ക് പുതുവർഷം നവോന്മേഷവും ശുഭാപ്തിവിശ്വാസവും കൊണ്ടുവരികയാണ്. വ്യാപാരവും നിക്ഷേപവും ത്വരിതപ്പെടുത്തുന്നതിനും, ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ആഗോള വിപണി പ്രവേശനം വിപുലീകരിക്കുന്നതിനും, തൊഴിൽ സൃഷ്ടിക്കുന്നതിനും, ഓരോ പൗരന്റെയും ജീവിതം സുഗമമാക്കുക എന്ന പ്രധാനമന്ത്രിയുടെ ദൗത്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും മുൻ വർഷം വാണിജ്യ- വ്യവസായ മന്ത്രാലയം സ്വീകരിച്ച നിർണായക നടപടികൾ സഹായകമായി.
സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്നത് മോദി ഗവൺമെന്റിന്റെ ഒരു സുപ്രധാന സംരംഭമാണ്. ഇന്ന് രാജ്യത്ത് രണ്ടുലക്ഷത്തിലധികം ഗവൺമെന്റ് അംഗീകൃത സ്റ്റാർട്ടപ്പുകളുണ്ട്. 'സ്റ്റാർട്ടപ്പ് ഇന്ത്യ"യുടെ പത്താം വാർഷികത്തിൽ പ്രധാനമന്ത്രി പറഞ്ഞതുപോലെ, 'നമ്മുടെ സ്റ്റാർട്ടപ്പുകൾ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നൽകുകയും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കരുത്തുറ്റതും സ്വാശ്രയത്വമുള്ളതുമാക്കാൻ സഹായിക്കുകയും ചെയ്യുന്നു."
ഇന്ത്യ ഇപ്പോൾ ആഗോള ശ്രദ്ധാകേന്ദ്രമാണ്. വിശ്വാസമർപ്പിക്കാവുന്ന ഒരു പങ്കാളിയായി നമ്മുടെ രാജ്യം അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ആഗോള അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും വളർച്ചയുടെ ആക്കം നിലനിറുത്തിക്കൊണ്ട്, 2024- 25 ൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി ആറു ശതമാനം വർദ്ധിച്ച് 825.25 ബില്യൺ ഡോളറിലെത്തി. കയറ്റുമതിക്കാരെ കൂടുതൽ പിന്തുണയ്ക്കുന്നതിനായി, ഗവൺമെന്റ് 25,060 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന ദൗത്യമാണ് പ്രഖ്യാപിച്ചത്.
കാലഹരണപ്പെട്ട 71 നിയമങ്ങൾ 2025-ൽ നമ്മൾ ഇല്ലാതാക്കി. അവയിൽ ചിലത് 1886 മുതലുള്ളതായിരുന്നു. 'ജൻ വിശ്വാസ്" സംരംഭത്തിനു കീഴിൽ, നിരവധി ചെറിയ കുറ്റകൃത്യങ്ങൾക്കുള്ള ക്രിമിനൽ വ്യവസ്ഥകൾ മോദി സർക്കാർ നീക്കംചെയ്തു. ഈ പരിഷ്കാരങ്ങൾ ഭരണം മെച്ചപ്പെടുത്തുക മാത്രമല്ല, ബിസിനസ് സുഗമമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇന്ത്യയുടെ നിയമ ചട്ടക്കൂട് ആധുനിക സമ്പദ്‌വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു. അത്തരം നൂറുകണക്കിന് വ്യവസ്ഥകളോടെ, ഈ വർഷം കൂടുതൽ പരിഷ്കാരങ്ങൾക്കായി ഈ പ്രക്രിയ തുടരും.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ, ഷിപ്പിംഗ്, തുറമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് സുപ്രധാന ബില്ലുകളാണ് പാസാക്കിയത്. ഈ നിയമങ്ങൾ ഡോക്യുമെന്റേഷൻ ലളിതമാക്കുകയും, തർക്ക പരിഹാരം എളുപ്പമാക്കുകയും ചെയ്യുന്നു. ലോജിസ്റ്റിക്സ് ചെലവ് ഗണ്യമായി കുറയ്ക്കുന്നു. വാണിജ്യ രംഗത്ത്, ബിസിനസ് എളുപ്പമാക്കുന്ന, സുതാര്യവും സൗകര്യപ്രദവുമായ നയങ്ങളിലൂടെ ഡയറക്ടറേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ് കയറ്റുമതിക്കാരെ പിന്തുണച്ചിട്ടുണ്ട്.
ഈ സംരംഭങ്ങൾ നമ്മുടെ വ്യാപാരികളുടെയും ചെറുകിട ബിസിനസുകാരുടെയും സ്റ്റാർട്ടപ്പുകളുടെയും സംരംഭകത്വ മനോഭാവത്തെ ശാക്തീകരിക്കുന്നു. മടുപ്പിക്കുന്ന അനുമതി ആവശ്യകതകളെക്കുറിച്ചും, ചെറിയ ലംഘനങ്ങൾക്കു പോലും തടവു ശിക്ഷ ലഭിക്കുന്നതിനെക്കുറിച്ചും ആശങ്കപ്പെടുന്നതിനു പകരം അവർക്ക് ഇപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
ലോക്കൽ ഫോർ
ഗ്ലോബൽ
ഇന്ത്യയുടെ വ്യാപാര, നിക്ഷേപ തന്ത്രത്തിന്റെ ഒരു മാർഗനിർദ്ദേശക തത്വം പ്രാദേശിക സംരംഭകരെ, പ്രത്യേകിച്ച് ചെറുകിട ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, കർഷകർ, കരകൗശല വിദഗ്ദ്ധർ എന്നിവരെ പ്രോത്സാഹിപ്പിക്കുകയും,ആഗോളതലത്തിൽ വിജയിക്കാൻ അവരെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ്. ഇതിനായി കഴിഞ്ഞ വർഷം ഇന്ത്യ മൂന്ന് സ്വതന്ത്ര വ്യാപാര കരാറുകൾ (FTA- ഫ്രീ ട്രേഡ് എഗ്രിമെന്റ്) ഒപ്പിട്ടു. ഇത് ബ്രിട്ടൻ, ന്യൂസിലാൻഡ്, ഒമാൻ എന്നീ വികസിത വിപണികളിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവരഹിത പ്രവേശനം നൽകുന്നു.
എഫ്,ടി.എകളും പരിഷ്കരണ പ്രക്രിയയുടെ ഭാഗമാണ്. നേരത്തെ, യു.പി.എ സർക്കാർ ദേശീയ താത്പര്യം അവഗണിച്ച് ആഗോളതലത്തിൽ ഇന്ത്യയുമായി മത്സരിക്കുന്ന രാജ്യങ്ങളുമായി അശ്രദ്ധമായി കരാറുകളിൽ ഒപ്പുവച്ചിരുന്നു. വികസിത രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾക്ക് മോദി ഗവൺമെന്റ് കൃത്യമായ മുൻഗണന നൽകുകയും വിജയകരമായ കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ എഫ്.ടി.എകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുകയും നിക്ഷേപം വർദ്ധിപ്പിക്കുകയും ഇന്ത്യയിലുടനീളമുള്ള ചെറുകിട ബിസിനസുകാർ, വിദ്യാർത്ഥികൾ, സ്ത്രീകൾ, കർഷകർ, യുവാക്കൾ എന്നിവർക്ക് പരിവർത്തനകരമായ അവസരങ്ങൾ തുറക്കുകയും ചെയ്യും.
ഈ കരാറുകൾക്കു പുറമേ, സ്വിറ്റ്സർലൻഡ്, നോർവെ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ എന്നിവ ഉൾപ്പെടുന്ന യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായി 2024-ൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാർ പ്രവർത്തനക്ഷമമാക്കി. ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ തുടങ്ങി, പ്രധാന ആഗോള ക്ഷീര കയറ്റുമതിക്കാരുമായുള്ള കരാറുകളിൽ ഉൾപ്പെടെ, എല്ലാ എഫ്.ടി.എകളിലും പൊതുവായ ഒരു വിഷയം ഇന്ത്യയുടെ കാർഷിക- ക്ഷീര മേഖലകളുടെ സംരക്ഷണമാണ്.
ഈ വ്യാപാര കരാറുകളിലൂടെ, ഇന്ത്യൻ കയറ്റുമതി ഉടനടി അഥവാ വേഗത്തിലുള്ള തീരുവ ഒഴിവാക്കലിലൂടെ പ്രയോജനം നേടുകയും, അതേസമയം ഇന്ത്യയുടെ സ്വന്തം വിപണി പ്രവേശനം ക്രമപ്പെടുത്തുകയും ചെയ്യുന്നു. യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ എഫ്.ടി.എയിൽ മുൻതൂക്കം നൽകിയ നൂതന നിക്ഷേപബന്ധിത വ്യവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ, അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ ന്യൂസിലാൻഡ് 20 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ നിക്ഷേപം കൃഷി, ക്ഷീരവികസനം, എം.എസ്.എം.ഇകൾ, വിദ്യാഭ്യാസം, കായികം, യുവജന വികസനം എന്നിവയെ പിന്തുണയ്ക്കുകയും വിശാലവും സമഗ്രവുമായ വളർച്ച ഉറപ്പാക്കുകയും ചെയ്യും.
(ലേഖനം നാളെ പൂർണമാകും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |