
സുപ്രീംകോടതി ചോദിക്കുന്ന ചോദ്യത്തിനു പോലും തെറ്റായ മറുപടി നൽകാൻ ഒരു മടിയും കാണിക്കാത്ത ഉദ്യോഗസ്ഥനിൽ നിന്ന് സാധാരണക്കാരന് ഒരു നീതിയും ലഭിക്കാൻ പോകുന്നില്ല. അതിനാൽ ഡ്രഡ്‌ജർ അഴിമതിക്കേസിൽ തെറ്റായ വിവരം നൽകിയ കേന്ദ്രത്തിന് 25,000 രൂപ പിഴയിട്ട സുപ്രീംകോടതി നടപടി തികച്ചും സ്വാഗതാർഹമാണ്. മാത്രമല്ല, ഇതൊരു മുന്നറിയിപ്പായി ഉദ്യോഗസ്ഥന്മാർ എടുക്കേണ്ടതുമാണ്. ജോലിഭാരം കൊണ്ടല്ല, കൂടുതലും തെറ്റുകൾ ഉദ്യോഗസ്ഥർക്ക് സംഭവിക്കുന്നത്. മറിച്ച്, ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയും കൂറും ഇല്ലാതിരിക്കുന്നതും, അതിനോടൊപ്പം തികഞ്ഞ അലംഭാവവും, സാധാരണക്കാരൻ വലഞ്ഞാൽ നമുക്കെന്ത് എന്ന മനോഭാവവുമാണ് ഉദ്യോഗസ്ഥന്മാരിൽ നിന്ന് തെറ്റുകൾ സംഭവിക്കാൻ ഇടയാക്കുന്നത്. അതോടൊപ്പം, എന്തു തെറ്റ് കാണിച്ചാലും ഒരു ശിക്ഷയും വരാൻ പോകുന്നില്ല എന്ന വിചാരം കൂടിയാവുമ്പോൾ അവർ പുലർത്തുന്ന ഉത്തരവാദിത്വമില്ലായ്മ വർദ്ധിക്കാനാണ് സാദ്ധ്യത.
എല്ലാ ഉദ്യോഗസ്ഥരെയും ഈ ഗണത്തിൽപ്പെടുത്താനാകില്ല. തികഞ്ഞ മെരിറ്റോടുകൂടി ജോലി ചെയ്യുന്നവരുമുണ്ട്. എന്നാൽ, അങ്ങനെയുള്ളവർക്ക് യാതൊരുവിധ പ്രോത്സാഹനവും സ്വന്തം വകുപ്പിൽ നിന്നു പോലും സാധാരണഗതിയിൽ കിട്ടാറില്ല. അതിനാൽ അത്തരം ഉദ്യോഗസ്ഥരുടെ എണ്ണം കുറഞ്ഞുവരുന്നതിൽ അതിശയിക്കേണ്ടതില്ല. മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഡ്രഡ്‌ജർ അഴിമതിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ തെറ്റായ വിവരം സുപ്രീംകോടതിയെ അറിയിച്ചത്. കേസന്വേഷണത്തിന്റെ ഭാഗമായി നെതർലൻഡ്‌സിലേക്കു പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക നവംബറിൽ സംസ്ഥാന വിജിലൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. ആ പട്ടിക കിട്ടിയിട്ടില്ലെന്നാണ് കേന്ദ്രം മറുപടിയിൽ സുപ്രീംകോടതിയെ അറിയിച്ചത്.
എന്നാൽ, സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തിന്റെ പകർപ്പ് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ സുപ്രീംകോടതിക്ക് കൈമാറിയതോടെ കേന്ദ്രം പറഞ്ഞത് കള്ളമാണെന്ന് ബോദ്ധ്യമാവുകയാണുണ്ടായത്. തുടർന്ന് സത്യാവസ്ഥ അറിയിക്കാൻ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോട് കോടതി ആവശ്യപ്പെട്ടു. അതേദിവസം തന്നെ ഉച്ചയ്ക്ക് കേസ് പരിഗണിച്ചപ്പോൾ, ആദ്യം നൽകിയ മറുപടി തെറ്റാണെന്നും കത്ത് ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിനു വേണ്ടി കോടതിയിൽ അഡിഷണൽ സോളിസിറ്റർ ജനറലിന് പറയേണ്ടിവന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് തെറ്റുപറ്റിയതാണെന്നും പതിനായിരത്തിലധികം കേസുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കുണ്ടായ ചെറിയ തെറ്റ് ക്ഷമിക്കണമെന്നുമാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. പക്ഷേ ഈ അഭ്യർത്ഥന കോടതി അതേപടി സ്വീകരിക്കുകയോ ക്ഷമിക്കുകയോ ചെയ്തില്ല. പതിനായിരത്തിലധികം കേസുകൾ ഒരു ഉദ്യോഗസ്ഥൻ ഒറ്റയ്ക്കാവില്ല നോക്കുന്നത്. അതിന് വേണ്ടത്ര ഉദ്യോഗസ്ഥന്മാരെ കേന്ദ്ര സർക്കാർ നിയമിച്ചിട്ടുണ്ട്.
പഴയകാലത്തെപ്പോലെ എല്ലാ ഫയലും തപ്പിനോക്കി വായിച്ചതിനുശേഷം ഉത്തരം പറയേണ്ട ബുദ്ധിമുട്ടൊന്നും ഈ ആധുനിക കാലത്തില്ല. ഈ വിഷയത്തിൽ സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തുകൾ കമ്പ്യൂട്ടറിൽ പരതിയാൽ ഇത് ലഭിക്കുമായിരുന്നു. എന്നാൽ അതിനൊന്നും മുതിരാതെ, സുപ്രീംകോടതിയാണ് ചോദിക്കുന്നത് എന്നതിന്റെ ഗൗരവം പോലും കണക്കാക്കാതെ തെറ്റായ മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. പിഴയിട്ട തുകയായ 25,000 രൂപ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരിൽ നിന്ന് ഈടാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അത് അതേപടി നടപ്പാക്കണം. ഉത്തരവാദിത്വമില്ലാതെയും ലാഘവത്തോടെയും അലസമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ നാടിന് ഭാരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |