
കാസർകോട് : കോട്ടയം നഗരസഭയിൽ വസ്തുനികുതി രസീതിബുക്കുകൾ സ്വകാര്യപ്രസിൽ അച്ചടിച്ച് ദുരുപയോഗം ചേയ്തതിലൂടെ കോടികളുടെ നഷ്ടമുണ്ടായ സംഭവത്തിൽ അന്വേഷണം നേരിടുന്ന കാസർകോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജുവിനെതിരെ കാസർകോട് ജനറൽ ആശുപത്രി കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിലടക്കമുള്ള ക്രമക്കേടുകളുടെ പേരിൽ വിജിലൻസ് അന്വേഷണം വരുന്നു. അന്വേഷണത്തിന് അഡീഷണൽ ഡയറക്ടറെ (വിജിലൻസ്) ചുമതലപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഉത്തരവിറക്കി.
റോഡ് വികസനത്തിന്റെ മറവിൽ തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ മുറിച്ച് മാറ്റിയെന്നതടക്കമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2022 ഫെബ്രുവരി 19ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കാസർകോട് യൂണിറ്റ് ജനറൽ ആശുപത്രി കോമ്പൗണ്ടിലും വിദ്യാനഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലും മിന്നൽ പരിശോധന നടത്തിയിരുന്നു.ഇതിൽ ക്രമക്കേട് കണ്ടതിനെ തുടർന്നാണ് നഗരസഭ സെക്രട്ടറി ആയിരുന്ന ബിജുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തത്. വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് 1960-ലെ കേരള സിവിൽ സർവ്വീസസ് ചട്ടങ്ങൾ അനുസരിച്ച് കുറ്റാരോപണ മെമ്മോയും നൽകിയിരുന്നു. 2024 നവംബർ 16ന് കുറ്റാരോപണ മെമ്മോ കൈപ്പറ്റിയ സെക്രട്ടറി പ്രതിവാദ പത്രികയും സമർപ്പിച്ചതാണ്.
വിജിലൻസ് ആൻറ് ആന്റി കറപ്ഷൻ ബ്യൂറോയുടെ മിന്നൽ പരിശോധന റിപ്പോർട്ടും നഗരസ സെക്രട്ടറി ആയിരുന്ന ബിജു സമർപ്പിച്ച പ്രതിവാദ പത്രികയും പ്രിൻസിപ്പൽ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടും പരിഗണിച്ചതിന് പിന്നാലെയാണ് ഔപചാരിക അന്വേഷണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടറെ (വിജിലൻസ്) അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്. അന്വേഷണ റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ സർക്കാരിൽ സമർപ്പിക്കാനാണ് നിർദ്ദേശം.
കാസർകോട് ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നിന്നും നാല് തേക്ക് മരങ്ങളും മറ്റ് വിഭാഗത്തിൽപെട്ട മരങ്ങളും മുറിച്ച് മാറ്റിയെന്നതാണ് ബിജുവിനെതിരായ ആരോപണം. മറ്റൊരു തേക്ക് മരം മുറിക്കാൻ ശ്രമിച്ച നിലയിലും പരിശോധനയിൽ കണ്ടെത്തിയിരുന്നു.മുറിച്ച് കടത്തിയ മരങ്ങൾക്ക് 85,539.58 രൂപയോളം വില കണക്കാക്കിയിരുന്നു. മുറിച്ച് മാറ്റാൻ ശ്രമിച്ച തേക്ക് മരത്തിന് 2,75,307 രൂപയാണ് മതിപ്പുവില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |