
പ്രതിഷേധം കടുപ്പിച്ച് കർമ്മസമിതിയും ബസുടമകളും
കണ്ണൂർ:നിർമ്മാണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിൽ നടാലിൽ അടിപ്പാത നിർമ്മിക്കാനാവില്ലെന്ന ദേശീയപാത അധികൃതരുടെ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുമായി കർമ്മസമിതിയും ബസുടമകളും രംഗത്ത്. ഒരു കാരണവശാലും ദേശീയപാത അതോറിറ്റിയുടെ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം കടുക്കുന്നതിനിടയിൽ 24ന് കളക്ടറേറ്റിൽ സർവകക്ഷിയോഗം വിളിച്ചിരിക്കുകയാണ്.
ദേശീയപാത പൂർത്തിയായാൽ കണ്ണൂർ -തോട്ടട- തലശേരി റൂട്ടിലുണ്ടാകാൻ പോകുന്ന ഗതാഗതക്ലേശമാണ് ബസുടകളും തൊഴിലാളികളും പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അടിപ്പാത വേണമെന്നാവശ്യപ്പെട്ട് റൂട്ടിലെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും പണിമുടക്കുമായി നേരത്തെ രംഗത്തുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള കർമ്മസമിതിയും ദീർഘകാലമായി സമരത്തിലാണ്. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി.
ദിവസങ്ങൾക്ക് മുൻപ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കളക്ടർ അരുൺ കെ.വിജയൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, ജില്ലാ ബസ് ഉടമസ്ഥ സംഘം പ്രതിനിധികൾ, നടാൽ അടിപ്പാത കർമ്മസമിതി പ്രതിനിധികൾ എന്നിവർ ചർച്ച നടത്തിയിരുന്നു. അടിപ്പാത നിർമ്മിക്കാൻ സാധിക്കില്ലെന്നും പകരം കണ്ണൂരിലേക്കുള്ള എടക്കാട് -നടാൽ സർവിസ് റോഡ് രണ്ടു വരിയാക്കാമെന്നുമാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ ഇത് ബസ് ഉടമസ്ഥ സംഘവും കർമസമിതിയും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.
അടിപ്പാത ഇവരുടെ അടിയന്തര ആവശ്യമാണ്
യാത്രാസൗകര്യം തടസപ്പെടുന്നതിന് പരിഹാരമായി നടാൽ ഒ.കെ.യു.പി സ്‌കൂൾ പരിസരത്ത് അടിപ്പാത നിർമ്മിക്കണമെന്നാണ് കർമ്മസമിതിയുടെ ആവശ്യം. ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ കണ്ണൂരിൽ നിന്ന് തലശേരിയിലേക്കും തിരിച്ചും സർവീസ് റോഡ് വഴിയാണ് ബസുകൾ ഓടേണ്ടത്. തോട്ടട വഴി തലശേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്ക് നടാൽ ഗേറ്റ് കടന്നാൽ ദേശീയപാതയ്ക്ക് സമാന്തരമായി നിർമ്മിക്കുന്ന സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ നിലവിൽ സൗകര്യമില്ല. ബസുകൾ മൂന്നര കിലോമീറ്റർ ചാല ജംഗ്ഷൻ വരെ സഞ്ചരിച്ച് ട്രാഫിക് സർക്കിൾ ചുറ്റി വീണ്ടും നടാൽ ഭാഗത്തേക്ക് സഞ്ചരിക്കണം.
ഏഴുകിലോമീറ്റർ കൂടുതൽ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. പ്രദേശവാസികൾക്കും യാത്ര ദുഷ്‌കരമാകും. ഇ.എസ്.ഐ ആശുപത്രി, പോളിടെക്‌നിക്, ഐ.ടി.ഐ, എസ്.എൻ കോളജ്, ഐ.ഐ.എച്ച്.ടി, ടെക്‌നിക്കൽ ഹൈസ്‌കൂൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളും ഈ പ്രദേശത്താണ്. ഇവിടങ്ങളിലേക്കുള്ള യാത്രയും ദുരിതത്തിലാകും. ഊർപഴശിക്കാവ് പരിസരത്ത് അടിപ്പാതയുണ്ടെങ്കിലും ഇതിന് ഉയരം കുറവായതിനാൽ ബസുകൾക്ക് കടന്നുപോകാൻ കഴിയില്ല.
28 മുതൽ ബസ് സർവീസ് നിർത്തും
നടാലിൽ അടിപ്പാത നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് 28 മുതൽ ഈ റൂട്ടിൽ തലശേരിയിലേക്കുള്ള ബസുകൾ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവയ്ക്കുമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. മുമ്പും ഇതേ ആവശ്യം ഉന്നയിച്ച് ദിവസങ്ങളോളം ബസുകൾ സർവീസ് നിർത്തിയിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 28ന് ജില്ലയിൽ സ്വകാര്യബസുകൾ ഓടില്ലെന്ന് ബസ് ഉടമകളുടെ സംഘടനയും അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |