
തൃക്കരിപ്പൂർ: ജോലി രാജിവെച്ച് മക്കളുമായി സൈക്കിളിൽ ചുറ്റി സഞ്ചരിക്കുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ ആശിഖും വർദയും കാസർകോട് ജില്ലയിലുമെത്തി.
പത്തുവയസുകാരൻ കാഹിൽ അർശ്, മൂന്നുവയസുകാരൻ ആര്യൻ അർശ് എന്നിവരുമായാണ് ഇവരുടെ പരിസ്ഥിതി സൗഹൃദ യാത്ര.
പെരിന്തൽമണ്ണയിൽനിന്നും ജനുവരി ഒന്നിന് ആരംഭിച്ച യാത്ര 21 ദിവസം കൊണ്ടാണ് ജില്ലയിലെത്തിയത്. മൂന്ന് സൈക്കിളുകളിലായാണ് ഇവരുടെ യാത്ര. മൂന്ന് വയസ്സുകാരനായ ആര്യൻ വർദയുടെ സൈക്കിളിന്റെ പിറകിലിരിക്കും. നാലാം ക്ലാസുകാരൻ കാഹിലിന്റെ കുഞ്ഞുസൈക്കിൾ ആശിഖിന്റെ സൈക്കിളിനൊപ്പം ഘടിപ്പിച്ചും. യു.കെയിൽ നിന്നും ഇറക്കുമതി ചെയ്തതാണ് ഈ സജ്ജീകരണമെല്ലാം. സെയിൽസ്മാനായിരുന്ന ആശിഖും ഫാർമസിസ്റ്റായിരുന്ന വർദയും ജോലി രാജിവെച്ചാണ് സൈക്കിൾ സവാരിയുമായി ഇറങ്ങിയത്. . യാത്രക്കുള്ള ചെലവുകാശ് നേടുന്നത് സുഗന്ധവിൽപനയിലൂടെയാണ്.
കാഹിലിന്റെ പഠനം ഓൺലൈൻ വഴിയാണ്. ഒരു വർഷത്തെ തയാറെടുപ്പിന് ശേഷമാണ് ഈ കുടുംബം യാത്ര തുടങ്ങിയത്. അഞ്ച് വർഷമായി ആശിഖ് സൈക്കിൾ സവാരി നടത്തുന്നുണ്ട്. ഒരു വർഷമായി വർദയും ഈ രംഗത്തുണ്ട്.
തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ് പ്രസിഡന്റ് ടി.എം.സി.ഇബ്രാഹിം, ഉപദേശക സമിതിയംഗം എം.സി.ഹനീഫ, എസ്.ആർ ഫൈസൽ സലാം, മുസ്തഫ മാർത്താണ്ഡൻ, കെ.വി.ഷാജി, ബി.സി.യാസിർ എന്നിവർ തൃക്കരിപ്പൂരിൽ കുടുംബത്തിന് സ്വീകരണം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |