
ആലപ്പുഴ: വഴിത്തർക്കത്തെ തുടർന്ന് ആയൽവാസിയെ വീട്ടിൽ കയറി നെഞ്ചിൽ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും. മാരാരിക്കുളം പഞ്ചായത്ത് 10-ാവാർഡിൽ ചെറുതയ്യിൽ വീട്ടിൽ സുനിലിനെയാണ് (സുനി- 43) ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി എച്ച്.ഷുഹൈബ് ശിക്ഷിച്ചത്. 2016 മേയ് 19ന് വഴിത്തർക്കവുമായി ബന്ധപ്പെട്ട് പ്രതിയുടെ ഭാര്യയോട് അയൽവാസി സോമൻ കയർത്ത് സംസാരിച്ചു. ഇത് ചോദ്യം ചെയ്യുന്നതിന് അന്നേദിവസം വൈകിട്ട് സുനിൽ വടിയുമായി സോമന്റെ വീട്ടിലെത്തി. തുടർന്ന് വഴക്കുണ്ടാക്കുകയും സോമൻ കത്തിയെടുത്ത സമയം പ്രതി വടി കൊണ്ട് കൈക്ക് അടിച്ച് കത്തി താഴെ ഇടീക്കുകയും തുടർന്ന് കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സോമൻ ചികിൽസ തേടി. നോർത്ത് പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എസ്.ബൈജുവാണ് കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സി.പി.ഒ ജോർജ്, സി.പി.ഒ അമൽ എന്നിവർ പ്രോസിക്യൂഷന് സഹായികളായി പ്രവർത്തിച്ചു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി.ഷാരി പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |