കോട്ടയം: മുന്നാക്കസമുദായത്തിനായി നല്ലതുചെയ്ത ഇടതുപക്ഷത്തെ പ്രകീർത്തിക്കുകയാണ് ചെയ്യേണ്ടതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. ഈ സർക്കാർ മുന്നാക്ക സമുദായങ്ങൾക്കോ എൻ.എസ്.എസിനോ എന്ത് നന്മ ചെയ്തെന്ന് കോടിയേരി വ്യക്തമാക്കണം. വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് അഭിപ്രായഭിന്നതയുള്ളത്. മുന്നാക്കസമുദായങ്ങൾക്കും അതിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമുള്ള ആനുകൂല്യങ്ങളെല്ലാം തടഞ്ഞുവയ്‌ക്കുകയാണ് സർക്കാർ ചെയ്തത്. അതിനൊന്നും സർക്കാരിന് മറുപടിയില്ല. ദേവസ്വം ബോർഡിലെ 10 ശതമാനം മുന്നാക്കസംവരണവും കേന്ദ്ര സർക്കാർ അനുവദിച്ച 10 ശതമാനം സംവരണവും നടപ്പാക്കാതിരിക്കാനോ കാലതാമസം വരുത്താനോയുള്ള ബോധപൂർവ നീക്കമാണുണ്ടായിട്ടുള്ളത്. ഉപതിരഞ്ഞെടുപ്പുകളിൽ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടിവന്ന സാഹചര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലപാട് നാടിന്റെ നന്മയ്‌ക്കുവേണ്ടിയാണ്. ഇക്കാര്യത്തിൽ പ്രത്യേക അവകാശവാദമോ ആശങ്കയോ എൻ.എസ്.എസിനില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |