കുന്നത്തൂർ: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൂന്ന് കിലോ കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ. രാജഗിരി നിജോ ഭവനിൽ നിജോ ജോസഫ് (32),സിജോ ജോസഫ് (30) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയ്‌ക്ക് എത്തിയതായിരുന്നു ഇരുവരും. പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോഴാണ് കൈവശമുണ്ടായിരുന്ന കഞ്ചാവ് കണ്ടെടുത്തത്. ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന ലഹരിവസ്തുക്കൾ പ്രാദേശിക വിൽപനയ്ക്കായി എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് ടീമും ശാസ്താംകോട്ട പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ശാസ്താംകോട്ട ഡിവൈ.എസ്.പി ബൈജുവിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ജോസഫ് ലിയോൺ, ഡാൻസാഫ് ടീമിലെ സബ് ഇൻസ്‌പെക്ടർ മനീഷ്, എസ്.ഐമാരായ വിമൽ രംഗനാഥ്, രാജേഷ് കുമാർ,എ.എസ്.ഐ ബിജു,സി.പി.ഒ അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |