കൊല്ലം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് ഉണ്ടായിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ശാന്തി തസ്തികയിലുള്ളത് താത്കാലികക്കാർ. നിലവിൽ 111 പാർട്ട് ടൈം ശാന്തി തസ്തികകളിലാണ് താത്കാലികക്കാർ ജോലി ചെയ്യുന്നത്. സംവരണക്രമം പാലിച്ചാണ് റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനം. ഇതിലൂടെ പിന്നാക്കക്കാർ കടന്നുവരുന്നത് തടയാനാണ് നിയമനം വൈകിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്. പാർട്ട് ടൈം ശാന്തിക്കാർക്ക് പിന്നീട് പൂർണസമയ ശാന്തിക്കാരായി സ്ഥാനക്കയറ്റം ലഭിക്കും.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് പാർട്ട് ടൈം ശാന്തി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 178 പേർ മെയിൻ ലിസ്റ്റിലുണ്ട്. വിവിധ സംവരണ വിഭാഗങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിലുള്ളവരടക്കം 300 പേരാണ് റാങ്ക് പട്ടികയിലുള്ളത്. നിയമനം ലഭിച്ചത് 129 പേർക്ക് മാത്രം. ഒഴിവുകളുണ്ടായിട്ടും രണ്ട് മാസം മുൻപ് നിയമനം സ്തംഭിക്കുകയായിരുന്നു.
താത്കാലികക്കാർ അവധിയെടുക്കുന്ന ദിവസങ്ങളിൽ അവരുടെ അടുപ്പക്കാരെയാണ് പകരം നിറുത്തുന്നത്. ഇങ്ങനെ യാതൊരു മാനദണ്ഡവുമില്ലാതെ താത്കാലികക്കാരെത്തുന്നത് പൂജ നടത്തിപ്പിന് പുറമേ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ സംരക്ഷണവും പ്രതിസന്ധിയിലാക്കുന്നുണ്ട്.
നടപടിക്ക് വഴിയില്ല
താത്കാലിക ശാന്തിക്കാൻ പകരം നിയോഗിക്കുന്നവരുടെ ഭാഗത്ത് നിന്നു വീഴ്ചയോ ക്രമക്കേടോ ഉണ്ടായാൽ ബോർഡിന് കാര്യമായ നടപടിയെടുക്കാനാവില്ല. പകരക്കാരെ ലഭിക്കാതെ ചെറിയ ക്ഷേത്രങ്ങളിൽ നിത്യപൂജ മുടങ്ങിയതായും രസീത് എഴുതാതെ പൂജകൾ നടത്തുന്നതായും പരാതിയുണ്ട്. ഇത്തരം ക്ഷേത്രങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള കാണിക്കകൾ ശരിയാംവിധം രേഖകളിൽ ഉൾപ്പെടുത്തുന്നില്ലെന്നും പരാതിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |