കൊല്ലം: ആർത്തവ ശുചിത്വ ഉത്പന്നങ്ങളുടെ പ്രചാരണവും ആർത്തവ ആരോഗ്യവും ബോധവത്കരണവും ലക്ഷ്യമിട്ട് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെൻസ്ട്രൽ കപ്പും നാപ്കിൻ സംസ്കരണത്തിനുള്ള ഇൻസിനറേറ്ററും വിതരണം ചെയ്യാൻ ഹരിതകേരളം മിഷൻ. 2025-26 ലെ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ രണ്ടു കോടി ഉപയോഗിച്ച് എച്ച്.എൽ.എൽ ലൈഫ് കെയറുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
വൃത്തിയോടെ ആർത്തവ ശുചിത്വത്തിന് കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. ജില്ലയിൽ മുട്ടറ ഗവ. ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് തുടക്കം. ആർത്തവകാല ഉപയോഗ ശേഷമുള്ള സാനിട്ടറി നാപ്കിനുകൾ ജലാശയങ്ങളിലും മറ്റും അലക്ഷ്യമായി ഉപേക്ഷിക്കുന്നത് തടഞ്ഞ് ശാസ്ത്രീയ സംസ്കരണത്തിനായി വിദ്യാർത്ഥിനികൾ കൂടുതലുള്ള സ്കൂളുകളിലും കോളേജുകളിലുമായി 322 ഇടങ്ങളിലാണ് ഇൻസിനറേറ്റർ സ്ഥാപിക്കുന്നത്. ഹരിതകേരളം മിഷൻ നടത്തിയ സർവേ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുത്ത സ്കൂളുകളിലും കോളേജുകളിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലുമായി 1.69 ലക്ഷം മെൻസ്ട്രൽ കപ്പുകളാണ് വിതരണം ചെയ്യുന്നത്.
ഒരു ജില്ലയിലെ അഞ്ച് ഹയർ സെക്കൻഡറി സ്കൂളുകളും എല്ലാ കേളേജുകളും നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിൻ ഏറ്റെടുത്ത 152 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുമാണ് ആദ്യഘട്ടത്തിൽ പദ്ധതിയിലുള്ളത്. സ്‌കൂളുകളിലും കോളേജുകളിലും മതിയായ ആർത്തവ ശുചിത്വ സംവിധാനങ്ങൾ സജ്ജമാക്കുക, പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപകരണങ്ങൾ ലഭ്യമാക്കുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്.
ഇൻസിനറേറ്റർ
മെൻസ്ട്രൽ കപ്പ് പ്രോത്സാഹിപ്പിക്കുമ്പോഴും നാപ്കിൻ തിരഞ്ഞെടുക്കുന്നവർ ഏറെയുണ്ട്. അതിനാലാണ് ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ ആദ്യഘട്ടത്തിൽ 319 സ്കൂളുകൾക്ക് ഹരിതകേരളം മിഷൻ ഇൻസിനറേറ്റർ നൽകുന്നത്. ഇൻസിനറേറ്റർ പ്രവർത്തിപ്പിക്കാൻ സ്കൂളിൽ ഒരു പവർ പ്ലഗ് മാത്രം മതി. ഒരു ബ്ലോക്കിൽ ഒരു പഞ്ചായത്ത് എന്ന തരത്തിൽ 152 ഗ്രാമപ്പഞ്ചായത്ത്, 87 നഗരസഭ, ആറ് കോർപ്പറേഷൻ എന്നിവയുടെ പരിധിയിലുള്ള സ്കൂളുകളാണ് ആദ്യഘട്ടത്തിലുള്ളത്. പരിസ്ഥിതിക്കു ദോഷംവരാത്ത തരത്തിൽ നാപ്കിൻ ഇൻസിനറേറ്റർ ഉപയോഗിച്ച് സംസ്കരിക്കാനാകും. സ്വിച്ച്‌ഓൺ ചെയ്ത് നാപ്കിൻ ഇൻസിനറേറ്ററിൽ ഇട്ടാൽ മതി, ചാരമാകും. വർഷത്തിലൊരിക്കൽ യന്ത്രം പരിശോധിച്ച് അറ്റകുറ്റപ്പണി നടത്താനുമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |