
കോഴിക്കോട്/ബത്തേരി: കോഴിക്കോട് കാരശ്ശേരി സഹ.ബാങ്കിൽ ചെയർമാൻ എൻ.കെ അബ്ദുറഹ്മാൻ ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും പേരിൽ നാലരക്കോടിയുടെ വായ്പ അനധികൃതമായി നൽകിയെന്ന് സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. 2024-2025ലെ ഓഡിറ്റിലാണ് കണ്ടെത്തൽ.
ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിൽ കീഴിലാണ്. പരാതികളെ തുടർന്ന് കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധനയുമുണ്ടായി. അബ്ദുറഹ്മാൻ തന്റെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപയുടെ പലിശയിളവ് നൽകിയെന്നും കണ്ടെത്തി. ഭാര്യ ഉമ്മാച്ചു, മകൾ ജുംന, മകൻ ലിനീഷ് എന്നിവർക്ക് ഒന്നര കോടി വീതം വായ്പ നൽകി. ഭാര്യയ്ക്ക് രണ്ട് വായ്പയും ആദ്യ വായ്പയിൽ 5 ലക്ഷം പലിശയിളവും നൽകി. മകന് നൽകിയ വായ്പയിൽ 15 ലക്ഷം പലിശയിളവ് നൽകി. ഇതിന് പുറമെ വ്യക്തിഗത വായ്പയും പലിശയിളവും നൽകിയിട്ടുണ്ട്. മകൾക്ക് നൽകിയ വായ്പയിൽ 5 ലക്ഷമാണ് പലിശയിളവ് നൽകിയത്. സഹോദരന്റെ മകൻ അൻവറിന് നൽകിയത് 74 ലക്ഷം രൂപയാണ്. ഇവയിലൊന്നും തിരിച്ചടവുണ്ടായില്ല. ക്രമവിരുദ്ധമായി മെമ്പർഷിപ്പ് ചേർത്ത് കോൺഗ്രസ് ഭരണത്തിലായിരുന്ന ബാങ്കിനെ സി.പി.എമ്മിന് വിറ്റുവെന്ന ആക്ഷേപത്തെ തുടർന്ന് അബ്ദുറഹ്മാനെ കോൺഗ്രസ് പുറത്താക്കിയിരുന്നു.
വായ്പ നൽകിയത്
മതിയായ ഈടില്ലാതെ
50 ലക്ഷം വായ്പയ്ക്ക് ഈടാക്കിയത് 5 ലക്ഷം വിലയുള്ള സ്ഥലമാണ്. മതിയായ ഈടില്ലാതെ നൽകിയത് 14.9 കോടി രൂപയുടെ വായ്പ. ഒരേ ആധാരത്തിൽ ഒന്നിലധികം വായ്പ അനുവദിച്ചു. മറ്റു വ്യക്തികളുടെ ആധാരത്തിൽ പവർ ഒഫ് അറ്റോർണിയില്ലാതെയാണ് നൽകിയത്. പലിശയിളവ് നൽകിയവർക്ക് വീണ്ടും വായ്പ നൽകരുതെന്ന നിബന്ധനയും ലംഘിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപങ്ങളുമായും ഇടപാട് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |