
ആലപ്പുഴ: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് സർക്കാർ. ഇവരുടെ വ്യക്തിഗത വിവരങ്ങൾ, സാമ്പത്തിക വിനിമയം തൊഴിൽ അന്തരീക്ഷം, വിദഗ്ദ്ധ- അവിദഗ്ദ്ധ മേഖലകളിലെ സാന്നിദ്ധ്യം, നിർമ്മാണ-കാർഷിക-വ്യാവസായിക മേഖലകളിലെ അനുപാതം, ലേബർ ക്യാമ്പുകളുടെ അവസ്ഥ, ആരോഗ്യവിവരങ്ങൾ, ശമ്പളം, ക്ഷേമനിധി ആനുകൂല്യം തുടങ്ങിയവ അടക്കമാണ് ശേഖരിക്കുക. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന മേഖലകൾ കണ്ടെത്തി ദ്വിഭാഷികളുടെ സഹായത്തോടെയാകും വിവരശേഖരണം.
14-ാം കേരള നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി ശുപാർശ പ്രകാരം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് സർവേ നടത്തുന്നത്. അരക്കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പ്രാഥമിക നടപടികൾക്കായി 10 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നാഷണൽ സാമ്പിൾ സർവേ മാതൃകയിലാണ് വിവരശേഖരണം.
2025-26 സാമ്പത്തിക വർഷത്തിൽ സർവേ പൂർത്തിയാക്കാനായിരുന്നു നിയമസഭാസമിതി ശുപാർശ. എന്നാൽ, ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവും തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നടപടികൾ വൈകിച്ചു. കരാറടിസ്ഥാനത്തിൽ ആളുകളെ നിയോഗിച്ച് ആറുമാസം കൊണ്ട് വിവരങ്ങൾ ശേഖരിക്കാനും അടുത്ത ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് സ്ഥിതി വിവരകണക്ക് വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു.
നിലവിൽ കൃത്യമായ കണക്കില്ല
'ആവാസ്' ഉൾപ്പെടെ കണക്കെടുപ്പിന് പദ്ധതികൾ പലത് ആവിഷ്കരിച്ചെങ്കിലും അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണം നടന്നിട്ടില്ല. രണ്ടുവർഷം മുമ്പുള്ള
ഇക്കണോമിക് സർവേ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ഏകദേശം 31 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. ഭൂരിഭാഗവും നിർമ്മാണ മേഖലയിൽ- 17.5 ലക്ഷം. ശേഷിക്കുന്നവർ ഉത്പാദന മേഖലയിലും (6.3 ലക്ഷം), മൈനിംഗ്, ഹോട്ടൽ വ്യവസായം, കൃഷി തുടങ്ങിയ മേഖലകളിലും.
9,05,773
വെൽഫെയർ ബോർഡുകളിൽ
അംഗത്വമുള്ളവർ
5,16,320
ആവാസ് ആരോഗ്യ ഇൻഷ്വറൻസ്
പദ്ധതിയിൽ അംഗത്വമുള്ളവർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |