
ആലപ്പുഴ: സർക്കാരിന്റെ പ്ളാൻ ഫണ്ട് വിഹിതമായ 3,071 കോടി രൂപ മുടങ്ങിയതോടെ ലൈഫുൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വികസന പദ്ധതികൾ അവതാളത്തിൽ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള മൂന്നാം ഗഡു മുടങ്ങിയത്.
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സർക്കാർ വിഹിതം മൂന്ന് ഗഡുക്കളായാണ് അനുവദിക്കുന്നത്. അവസാന ഗഡു നവംബർ - ഡിസംബർ മാസങ്ങളിലാണ് അനുവദിക്കേണ്ടത്. എന്നാൽ ജനുവരി കഴിയാറായിട്ടും അനുവദിച്ചിട്ടില്ല. നവകേരള സദസിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വികസന പ്രവർത്തനങ്ങൾക്കും ഇത് തിരിച്ചടിയായി.
തനത് വരുമാനമില്ലാത്ത 80 ശതമാനം തദ്ദേശ സ്ഥാപനങ്ങളുടെയും വികസനങ്ങൾക്കുള്ള പ്രധാന സാമ്പത്തിക ഉറവിടം സർക്കാർ ഫണ്ടാണ്. മാസതവണകളായാണ് മുമ്പ് പ്ളാൻ ഫണ്ട് ലഭിച്ചിരുന്നത്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നാക്കിയതോടെയാണ് വർഷത്തിൽ മൂന്ന് തവണയെന്ന തരത്തിൽ ക്രമപ്പെടുത്തിയത്.
കരാറുകാർക്കുള്ള പണം മുടങ്ങി
കരാറുകാർക്ക് വൻതുകകൾ കുടിശികയായതോടെ റോഡ് നിർമ്മാണമുൾപ്പെടെ നിലച്ചു. ലൈഫ് ഭവന പദ്ധതിയിൽ വീടുകൾക്ക് എഗ്രിമെന്റ് വച്ചവർക്ക് അനുവദിക്കാനും പണമില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റോഡ് നിർമ്മാണമുൾപ്പെടെയുള്ളവ പൂർത്തിയാക്കാൻ പണം ലഭ്യമാക്കണം. എന്നാൽ പല പദ്ധതികളിലും കേന്ദ്രവിഹിതമുൾപ്പെടെ കുടിശികയായതും തിരിച്ചടിയായി. പണം അനുവദിക്കുന്നത് നീളുകയും ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്‌താൽ പദ്ധതികൾ എഗ്രിമെന്റ് വയ്‌ക്കാനും നടപ്പാക്കാനും കഴിയാതെ വരും. മാർച്ച് 31ന് മുമ്പ് ചെലവഴിച്ചില്ലെങ്കിൽ ഫണ്ടും നഷ്ടപ്പെടും.
'തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ളാൻ ഫണ്ട് വിഹിതത്തിനുള്ള ശുപാർശ ധന വകുപ്പിൽ സമർപ്പിച്ചിട്ടുണ്ട്".
- ഡയറക്ടറേറ്റ്, തദ്ദേശ സ്വയംഭരണ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |