കൊല്ലം: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 30 പേർ. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരുടെയും പാരമ്പര്യ ചികിത്സ തേടുന്നവരുടെയും കണക്ക് ഇതിലില്ല.
രോഗബാധിത മേഖലകളിൽ മലിനജലത്തിന്റെ ഉപയോഗം കൂടുന്നതാണ് പ്രധാന കാരണം. പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള പാനീയങ്ങളുടെ ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തിൽ നിർമ്മിക്കുന്ന ഐസ്, ശുചിത്വമില്ലായ്മ എന്നിവയും കാരണങ്ങളാണ്. 2 മുതൽ 6 ആഴ്ച വരെ ഇടവേളയിലാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളുണ്ടാവാം. പ്രതിരോധശേഷി കുറഞ്ഞവരിലും എച്ച്.ഐ.വി, കരൾ രോഗങ്ങൾ ഉള്ളവരിലുമാണ് രോഗം തീവ്രമാകുന്നത്. രക്ത പരിശോധനയിലൂടെയാണ് സ്ഥിരീകരിക്കുന്നത്. ശരീരത്തിൽ വൈറസ് പ്രവർത്തിക്കുന്നത് മൂലം കോശങ്ങൾ നശിച്ച് കരളിന്റെ പ്രവർത്തനം തകരാറിലാവും. എന്നാൽ കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂർണമായും ഭേദമാക്കാനാകും.
ലക്ഷണങ്ങൾ
ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ചാൽ 80- 95 ശതമാനം കുട്ടികളിലും 10-25 ശതമാനം മുതിർന്നവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. 28 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളുണ്ടാവാം. ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ, കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിലാവുക എന്നിവയാണ് രോഗ ലക്ഷണങ്ങൾ.
പ്രതിരോധം അനിവാര്യം
കിണർ നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക
സെപ്ടിക് ടാങ്കും കിണറും തമ്മിൽ അകലമുണ്ടെന്ന് ഉറപ്പാക്കുക
ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉപയോഗിക്കുക
ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക
6 മാസത്തെ ഇടവേളയിൽ 2 ഡോസ് വാക്‌സിൻ എടുക്കണം
ശുദ്ധത ഉറപ്പില്ലാത്ത സിപ്പ് അപ്പ്, ഐസ്‌ക്രീം, മറ്റ് ശീതള പാനീയങ്ങൾ തുടങ്ങിയവ കഴിക്കരുത്
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും പങ്കിടരുത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |