
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ, തിരഞ്ഞെടുപ്പിൽ 30,000 വോട്ടിന് മുകളിൽ നേടിയ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബി.ജെ.പി. നാൽപ്പതിനായിരത്തിലധികം വോട്ട് നേടിയ തൃശൂരാണ് പ്രതീക്ഷയർപ്പിക്കുന്ന പ്രധാനമണ്ഡലം. പുതുക്കാട്, ഇരിങ്ങാലക്കുട, നാട്ടിക, മണലൂർ എന്നിവയാണ് മുപ്പതിനായിരത്തിലധികം വോട്ട് നേടിയ മറ്റുള്ളവ. ചേലക്കര ഉപതിരഞ്ഞെടുപ്പിലും ഈ നേട്ടം സ്വന്തമാക്കാനായി.
തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും പലതവണ ലീഡ് നേടിയത് പ്രതീക്ഷയോടെ കാണുന്നു. തൃശൂരിലേക്ക് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, മുൻ ഡി.ജി.പി ജേക്കബ് തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. പകരം ശോഭ സുരേന്ദ്രനോ, കെ.സുരേന്ദ്രനോ മത്സരിച്ചാൽ നേട്ടമുണ്ടാക്കാനാകുമെന്ന വാദത്തിനും മുൻതൂക്കമുണ്ട്.
മണലൂരിൽ എ.എൻ.രാധാകൃഷ്ണൻ മത്സരിക്കുന്നില്ലെങ്കിൽ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് വന്നേക്കും. പുതുക്കാട് എ.നാഗേഷിനാണ് സാദ്ധ്യത. സംവരണ മണ്ഡലമായ നാട്ടികയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിക്കായി ശ്രമിക്കുന്നുണ്ട്. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ലോചനൻ അമ്പാട്ട്, ഡോ.എൻ.കെ.സുധീർ എന്നിവരുടെ പേരുകളാണുയരുന്നത്.
ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച കെ.ബാലകൃഷ്ണൻ തന്നെ ഇറങ്ങിയേക്കും. വടക്കാഞ്ചരിയിൽ ഉല്ലാസ് ബാബു, അനീഷ് ഇയ്യാൽ, കെ.ഗിരീഷ് കുമാർ എന്നിവരും പരിഗണനയിലുണ്ട്. അനീഷ് കുമാറിനെ കുന്നംകുളത്തേക്ക് ഇപ്രാവശ്യം പരിഗണിച്ചേക്കില്ലെന്നാണ് വിവരം.
കൊടുങ്ങല്ലൂരിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ, എ.ആർ.ശ്രീകുമാർ എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്. ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസോ സന്തോഷ് ചെറാക്കുളമോ ആയേക്കും. ഗുരുവായൂരിൽ നിവേദിത സുബ്രഹ്മണ്യനെ തന്നെ പരിഗണിച്ചേക്കും. കയ്പമംഗലം, ചാലക്കുടി സീറ്റുകൾ കഴിഞ്ഞതവണ ബി.ഡി.ജെ.എസാണ് മത്സരിച്ചത്. സുരേഷ് ഗോപിയുമായി അടുപ്പം പുലർത്തുന്ന മുൻ മേയർ എം.കെ.വർഗീസിന്റെ പേര് ഒല്ലൂരിൽ ഉയർന്നുകേൾക്കുന്നുണ്ട്. ബിജോയ് തോമസും പരിഗണനയിലുണ്ട്.
എൻ.ഡി.എ വോട്ടുനില
(നിയമസഭ)
ചേലക്കര 24,045
(2024 ഉപതിരഞ്ഞെടുപ്പ് 33,609)
കുന്നംകുളം 27,833
ഗുരുവായൂർ (പത്രിക തള്ളി)
മണലൂർ 36,566
വടക്കാഞ്ചേരി 21,747
ഒല്ലൂർ 22,295
തൃശൂർ 40,457
നാട്ടിക 33,716
കയ്പമംഗലം 9,066
ഇരിങ്ങാലക്കുട 34,329
പുതുക്കാട് 34,893
ചാലക്കുടി 17,301
കൊടുങ്ങല്ലൂർ 28,204.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |