
ചെറുതുരുത്തി: മലയാളത്തിന്റെ അഭ്രപാളിയിൽ 'കമലദളം' വിരിഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട്. കമലദളത്തിൽ ലാലിനെ ചിലങ്കയണിയിച്ച കലാമണ്ഡലം സുജാത 60ന്റെ നിറവിലും. ആശംസകൾ നേർന്ന് മോഹൻലാലുൾപ്പെടെ എത്തിയതോടെ ആഘോഷങ്ങളും നിറമുള്ളതായി. മോഹൻലാലിന്റെ ശബ്ദസന്ദേശമാണ് ആശംസകളുമായി ടീച്ചറെ തേടിയെത്തിയത്.
ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ലാത്ത മോഹൻലാലിന്റെ കമലദളത്തിലെ നന്ദഗോപൻ എന്ന നൃത്തദ്ധ്യാപകൻ വിസ്മയമായിരുന്നു. എങ്ങനെ ക്ലാസിക്കൽ നൃത്തം ചെയ്യാനായിയെന്ന ചോദ്യത്തിന് അതൊക്കെ അങ്ങനെ സംഭവിച്ചുപോയി. എല്ലാം ദൈവഹിതം...' എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.
എന്നാൽ ആ കഥാപാത്രത്തെ ലാൽ രൂപപ്പെടുത്തിയത് കലാമണ്ഡലം സുജാത ടീച്ചറുടെ ചുവടുകൾ മനസിൽചേർത്താണ്. ഇരുപത്തിയാറാം വയസിലായിരുന്നു ലാലിന്റെ നൃത്ത അദ്ധ്യാപികയായത്. കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടം, ഭരതനാട്യം എന്നീ കലാരൂപങ്ങൾ സ്വായത്തമാക്കിയ സുജാത നിരവധി പ്രമുഖരെയും ശിഷ്യരാക്കി. കമലദളം എന്ന മലയാള സിനിമ കൂടാതെ ലോക കേരളസഭ, കേരള നിയമസഭ, നാഷണൽ ഗെയിംസിന്റെ ഉദ്ഘാടന സമാപനച്ചടങ്ങ് എന്നിവിടങ്ങളിൽ നൃത്തം സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ, പി.കുഞ്ഞിരാമൻ നായർ, കാവാലം നാരായണപ്പണിക്കർ എന്നിവരുടെ കവിതകൾക്ക് നൃത്തരൂപം നൽകി.
രാജാരവിവർമ്മയുടെ ചിത്രകലയെ അടിസ്ഥാനമാക്കിയും നൃത്തം ചിട്ടപ്പെടുത്തി. ആയിരത്തിലധികം അരങ്ങുകളിൽ സ്വദേശത്തും വിദേശത്തുമായി പരിപാടികൾ അവതരിപ്പിച്ചു. കലാമണ്ഡലത്തിൽ നൃത്ത വിഭാഗം മേധാവിയായി വിരമിച്ചു. മലയാളം സർവകലാശാല ഫാക്കൽറ്റി, അഡ്വൈസറി കമ്മിറ്റി മെമ്പർ, സംസ്ഥാന സ്കൂൾ കലോത്സവം ഹയർ അപ്പീൽ കമ്മിറ്റി മെമ്പർ, പി.എസ്.സി ഇന്റർവ്യൂ വിദഗ്ദ്ധാംഗം എന്നിങ്ങനെ പ്രവർത്തിച്ചു. മികച്ച മോഹിനിയാട്ടം കലാകാരിക്കുള്ള 2019ലെ കേരള കലാമണ്ഡലം അവാർഡും നേടി.
'സുജാതകം' സംഘടിപ്പിച്ചു
ചെറുതുരുത്തി: സുജാതയ്ക്ക് ആദരമൊരുക്കി കലാമണ്ഡലം കൂത്തമ്പലത്തിൽ 'സുജാതകം' നടന്നു. പൊതുയോഗം വൈസ് ചാൻസലർ ഡോ. ബി.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. പി.രാജേഷ്കുമാർ അദ്ധ്യക്ഷനായി. കലാമണ്ഡലം ക്ഷേമാവതി മുഖ്യാതിഥിയായി. കലാമണ്ഡലം ഹൈമാവതി, ഡോ. നീന പ്രസാദ്, കലാമണ്ഡലം സുജാത, ഡോ. രചിതാ രവി തുടങ്ങിയവർ പ്രസംഗിച്ചു. കലാമണ്ഡലം നൃത്തവിഭാഗവും ശിഷ്യരും സഹ പ്രവർത്തകരും ചേർന്നാണ് സുജാതകം സംഘടിപ്പിച്ചത്. ചലച്ചിത്രതാരവും നർത്തകിയുമായ നവ്യ നായരും പരിപാടി കാണാനെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |