മാള : മാളയിലെ ശുദ്ധജല തടാകമായ മാളച്ചാലിൽ ഉപ്പുവെള്ളം കയറി മലിനമായതായി പരിശോധനയിൽ സ്ഥിരീകരിച്ചു. മാള സബ്‌ട്രഷറി കെട്ടിടത്തിനടുത്തുള്ള ചാൽ, പഞ്ചായത്ത് ഓഫീസിന്റെ പടിഞ്ഞാറുഭാഗത്തെ ചാൽ, മാള കുളം എന്നിവിടങ്ങളിൽ നിന്നെടുത്ത വെള്ളസാമ്പിളുകൾ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്) ലാബിൽ പരിശോധിച്ചതിലാണ് ഉപ്പിന്റെ അംശം കണ്ടെത്തിയത്.
പരിശോധനാ ഫലമനുസരിച്ച് സബ് ട്രഷറി ഭാഗത്തെ ചാലിൽ 16 പി.പി.ടി ലവണാംശവും, പഞ്ചായത്ത് ഓഫീസ് പടിഞ്ഞാറുഭാഗത്തെ ചാലിലും മാള കുളത്തിലും ഒരു പി.പി.ടി വീതം ലവണാംശവും കണ്ടെത്തി. കെ.എസ്.ആർ.ടി.സി ഭാഗത്തെയും പഞ്ചായത്ത് ഓഫീസിന് സമീപത്തെയും ചാലുകളിലെ ശുദ്ധജല പായലുകൾ പൂർണ്ണമായും നശിച്ചതായി കണ്ടെത്തി. മാളച്ചാലിനോട് ചേർന്ന കാവനാട്, മാള ടൗൺ, ഗംഗ തിയേറ്റർ, മാളക്കുളം, പൊയ്യ പഞ്ചായത്തിലെ നാലാം വാർഡ് തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകൾക്കും കൃഷിഭൂമികൾക്കും ഗുരുതര ഭീഷണിയുണ്ടെന്നാണ് പരാതി.
മാളച്ചാലിന് സമീപത്തെ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പൊതുശൗചാലയത്തിൽ പോലും പുറത്തുനിന്ന് വെള്ളം കൊണ്ടുവന്നാണ് പ്രവർത്തനം നടത്തുന്നതെന്നും, പലപ്പോഴും വെള്ളം ലഭിക്കാതെ ശൗചാലയം അടച്ചിടേണ്ടിവന്നിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഉപ്പുകയറ്റത്തിന് ശേഷമാണ് താത്കാലിക തടയണകൾ നിർമ്മിച്ചതെന്നും, തകർന്ന കോൺക്രീറ്റ് ചീർപ്പുകളിലൂടെ ഉപ്പുവെള്ളം കയറുന്നതായും സംശയമുണ്ട്. സംഭവത്തിൽ പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് കളക്ടർക്കും മാള പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി. ഉപ്പുകയറ്റത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, കൃഷിനഷ്ടം കണക്കാക്കി നഷ്ടപരിഹാരം ഈടാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |