എട്ടിണിയിൽ പശുക്കൾ, ക്ഷീര കർഷകർ പ്രതിസന്ധിയിൽ
കൊല്ലം: തീറ്റപ്പുല്ല്, പച്ചപ്പുല്ല് ക്ഷാമവും വൈക്കോൽ വില കുതിച്ചുയർന്നതും ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വേനൽക്കാലമാകുന്നതോടെ സാധാരണ ഗതിയിൽ പാൽ ഉത്പാദനത്തിൽ കുറവ് വരാറുണ്ട്. തീറ്റയിൽ കൂടി കുറവുണ്ടായാൽ ഇത് ഇരട്ടി പ്രഹരമാകും.
ഒരു കെട്ട് ( 25- 30 കിലോ) വൈക്കോൽ വില കഴിഞ്ഞ വർഷം 250 രൂപയായിരുന്നു. നിലവിൽ 300 -320 രൂപയാണ്. കുറച്ച് നാൾ മുൻപ് വരെ 28 ആയിരുന്നു ചെറിയകെട്ടിന് (പിടിക്കച്ചി) വില. എന്നാൽ നിലവിൽ പിടിക്കച്ചിക്ക് 32 രൂപയാണ് ഈടാക്കുന്നത്. പ്രാദേശികമായി ഇതിൽ വ്യത്യാസമുണ്ടാകാം. വേനലായതോടെയാണ് തീറ്റപ്പുല്ലിന്റെയും പച്ചപ്പുല്ലിന്റെയും ലഭ്യത കുറഞ്ഞത്. മിക്കയിടത്തും കിട്ടാനില്ലാത്ത സ്ഥിതിയാണെന്നാണ് ക്ഷീര കർഷകർ പറയുന്നത്. പച്ചപ്പുല്ലിന്റെ ലഭ്യത കുറയുമ്പോൾ വൈക്കോലാണ് കന്നുകാലികൾക്ക് കൊടുക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വലിയ വില കൊടുത്ത് വൈക്കോൽ വാങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് ക്ഷീര കർഷകർ. നാടൻ വൈക്കോലിന്റെ ലഭ്യത കുറവായതിനാൽ തമിഴ്നാട്ടിൽ നിന്നാണ് കൊണ്ടുവരുന്നത്.
ആവശ്യകത കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില വർദ്ധനവിന് കാരണം. തമിഴ്നാട്ടിൽ മകരക്കൊയ്ത്ത് തുടങ്ങുന്നതിനാൽ അടുത്ത മാസത്തോടെവിലകുറയാൻ സാദ്ധ്യതയുണ്ടെന്ന് വൈക്കോൽ മൊത്തവില്പനക്കാർ പറയുന്നു. ഇതിനിടെ മഴപെയ്താൽ സ്ഥിതി രൂക്ഷമാകും. സ്ഥല സൗകര്യമുള്ളവർ പ്രതിസന്ധി മുന്നിൽകണ്ട് പച്ചപ്പുൽ കൃഷി നടത്തുന്നുണ്ട്. എന്നാൽ സ്ഥലമില്ലാത്തവർ പുറത്തുനിന്നെത്തുന്ന വൈക്കോൽ കാത്തിരിപ്പാണ്. സർക്കാർ സംവിധാനത്തിൽ വൈക്കോൽ മുൻകൂട്ടി സംഭരിച്ച് കർഷകർക്ക് ലഭ്യമാക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
കുട്ടനാടൻ വൈക്കോൽ വേണ്ട
ഗുണനിലവാരം കുറഞ്ഞതോടെ കുട്ടനാടൻ വൈക്കോലിന് പൊതുവേ പ്രിയം കുറവാണെന്നാണ് കച്ചവടക്കാർ പറയുന്നത്. തണ്ട് നീളം ഒഴിവാക്കി യന്ത്രസഹായത്താൽ കൊയ്യുമ്പോൾ ചെറിയ ഈർപ്പം തട്ടിയാൽ പോലും പൊടിഞ്ഞ് ഉപയോഗ ശൂന്യമാകും. ഇതാണ് പ്രിയം കുറയാൻ കാരണം. എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള വൈക്കോൽ ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാം.
കുതിക്കുന്നു കാലിത്തീറ്റ വിലയും
കാലിത്തീറ്റ വില അനുദിനം വർദ്ധിക്കുന്നതും ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. പെല്ലറ്റ് തീറ്റ 50 കിലോ വരുന്ന ഒരു ചാക്കിന് 1,300 രൂപയാണ്. പരുത്തിക്ക് 2,200 രൂപയും. ഒരു പശുവും കിടാവും മാത്രമുള്ള ഇടത്ത് രണ്ടാഴ്ചപോലും ഇത് തികയാത്ത സ്ഥിതിയാണ്. നിലവിൽ ഒരു ലിറ്റർ പാലിന് സൊസൈറ്റികളിൽ നിന്ന് 40 രൂപയാണ് കുറഞ്ഞത് ലഭിക്കുന്നത്. എന്നാൽ, ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ ഒരു ദിവസം കുറഞ്ഞത് 60 രൂപയോളം മുടക്കണമെന്നാണ് ക്ഷീര കർഷകർ പറയുന്നത്.
നവംബർ-ഡിസംബർ മാസങ്ങളിൽ തമിഴ്നാട്ടിൽ പൊതുവേ വൈക്കോൽ ലഭ്യത കുറവാണ്. മകര പൊങ്കലിന് ശേഷമാണ് അവിടെ കൊയ്ത്ത് ആരംഭിക്കുന്നത്. അടുത്ത മാസം വിലകുറയുമെന്ന് പ്രതീക്ഷിക്കാം
ഷാഹീർ, വൈക്കോൽ മൊത്തവ്യാപാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |