
എടക്കര: വേനൽ കടുത്ത് തുടങ്ങിയതോടെ മലയോരമേഖല അഗ്നിബാധയുടെഭീതിയിൽ . കഴിഞ്ഞ ദിവസം വഴിക്കടവ് മണിമൂളി ക്രൈസ്റ്റ് കിംഗ് ദേവാലയത്തോട് ചേർന്ന് കിടക്കുന്ന റബർ തോട്ടത്തിലാണ് തീ പടർന്നത്. ജനവാസ കേന്ദ്രത്തിൽ ആയതിനാൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കുന്നതിന് മുൻപ് നാട്ടുകാരും യാത്രക്കാരും മറ്റും ചേർന്ന് തീയണച്ചു. നിലമ്പൂരിൽ നിന്നും ഒരു യൂണിറ്റ് അഗ്നിശമനസേനയും സ്ഥലത്തെത്തി. എന്നാൽ ഇവിടെ നിന്നും മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള നാടുകാണി ചുരത്തിൽ അഗ്നിബാധ ഉണ്ടായാൽ അണയ്ക്കാൻ വെല്ലുവിളികളേറെയാണ്. ഇവിടെ ഫയർ ലൈൻ അടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
വേനലിന്റെ തുടക്കത്തിൽ തന്നെ ചുരത്തിലെ മരങ്ങൾ ഇല പൊഴിച്ച് ഉണങ്ങി വരണ്ട നിലയിലാണ്.നൂറുകണക്കിന് വിവിധ വാഹനങ്ങൾ കടന്നുപോകുന്ന ചുരം റോഡിൽ ഇരുവശവും ഉണങ്ങിയ പുല്ലും കരിയിലയും നിറഞ്ഞിരിക്കുകയാണ്. ഈ സ്ഥലങ്ങളിൽ കൺട്രോൾ ബേർണിംഗ് നടത്തി മേഖല സുരക്ഷിതമാക്കേണ്ടതുണ്ട്. ഇതൊന്നും അധികൃതർ ഗൗരവത്തിലെടുക്കുന്നില്ലെന്ന ആക്ഷേപമുയരുന്നുണ്ട്.
മേഖലയിലെ മൊത്തം മുളങ്കൂട്ടങ്ങളും കട്ടയിട്ട് ഉണങ്ങി ചൂട്ട് പരുവത്തിന് നിൽക്കുന്നതും പ്രത്യാഘാതം കൂട്ടും. ഹെക്ടർ കണക്കിനുള്ള സ്ഥലത്താണ് ഇക്കൊല്ലം മുളങ്കൂട്ടങ്ങൾ കട്ടയിട്ട് ഉണങ്ങി നിൽക്കുന്നത്. ഇതും അഗ്നിബാധയുണ്ടായാൽ പ്രത്യാഘാതം ഏറെയാക്കും.ചുരം റോഡിൽ ഇരുവശവും ഫയർ ലൈനോ ഫയർ ബ്രേക്കറോ ,കൺട്രോൾ ബേണിംഗോ നടത്തേണ്ടത് അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |