അക്രമികൾ എത്തിയത് നായയും മാരകായുധങ്ങളുമായി
കൊച്ചി: കൊച്ചിയിലെ മസാജ് സെന്ററിൽ വളർത്തു നായയും മാരകായുധങ്ങളുമായി ഇരച്ചു കയറിയ സംഘം നടത്തിപ്പുകാരനെ തട്ടിക്കൊണ്ട് പോയി ബന്ദിയാക്കി പണം തട്ടിയെടുത്തു. അന്യസംസ്ഥാനക്കാരനായ നടത്തിപ്പുകാരനുമായി മണിക്കൂറുകളോളം കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുറ്റിക്കറങ്ങിയ ശേഷം വഴിയരികിൽ തള്ളി. അക്രമി സംഘത്തിനായി കൊച്ചി സിറ്റി പൊലീസ് വ്യാപക തെരച്ചിൽ തുടങ്ങി. ഇവർ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞാണ് അന്വേഷണം.
തിരക്കേറിയ വൈറ്റില ജംഗ്ഷന് സമീപം ജവഹർക്രോസ് റോഡിലെ പാട്ടത്തിൽ ബിൽഡിംഗിൽ ഒന്നാംനിലയിൽ ഒരു മാസം മുമ്പ് പ്രവർത്തനം തുടങ്ങിയ മസാജ് സെന്ററിൽ കഴിഞ്ഞ ദിവസം രാത്രി 8.15നായിരുന്നു സംഭവം. രാവിലെ 9 മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സംഭവസമയത്ത് ജോലിക്കാരായ അഞ്ച് യുവതികളും ഉടമയും ഉൾപ്പെടെ എട്ട് പേരുണ്ടായിരുന്നു.
വെളുത്ത സാൻട്രോ കാറിലെത്തിയ നാലംഗ സംഘം കേന്ദ്രത്തിലേക്ക് ഇരച്ചു കയറിയാണ് ഉടമ മംഗലാപുരം സ്വദേശി നന്തനെ (36) ബന്ദിയാക്കിയത്. വാളും കത്തിയും വീശി യുവതികളെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന വളർത്തുനായയെ തുടലഴിച്ച് വിട്ട് കടിപ്പിക്കുമെന്നും ഭീഷണിമുഴക്കി.
സ്ഥാപനത്തിലെ കാഷ് കൗണ്ടർ പരിശോധിച്ചെങ്കിലും പണം ഉണ്ടായിരുന്നില്ല. തുടർന്നാണ് ഉടമയെ കത്തിമുനയിൽ കാറിൽ കയറ്റിയതും തട്ടിക്കൊണ്ട് പോയതും.
രാത്രി ബൈപ്പാസ് റോഡിൽ പലയിടത്തായി ചുറ്റിക്കറങ്ങി. പണം നൽകിയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. 18,000 രൂപ ഗൂഗിൾ പേ വഴി കൈമാറിയെങ്കിലും വിട്ടയച്ചില്ല. തുടർന്ന് നന്തൻ ഫോണിൽ ആവശ്യപ്പെട്ടത് പ്രകാരം മറ്റൊരാൾ 10,000 രൂപ കൂടി അക്രമികൾക്ക് എത്തിച്ചു കൊടുത്തു. ഇതിനു ശേഷം പുലർച്ചെയോടെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് സമീപം വഴിയരികിൽ ആളൊഴിഞ്ഞിടത്ത് തള്ളി സംഘം കടന്നു. അക്രമികളുമായുണ്ടായ പിടിവലിയിൽ ഉടമയ്‌ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
നന്തന്റെ കാർ ഡ്രൈവർ സൂരജിന്റെ പരാതിയിലാണ് കേസെടുത്തത്. ആളു മാറി തട്ടിക്കൊണ്ട് പോയതാണോയെന്ന് സംശയമുണ്ട്. അക്രമി സംഘത്തിലെ ഒരാളുടെ ഭാര്യ കൊച്ചി നഗരത്തിലെ മസാജ് സെന്ററിൽ രഹസ്യമായി ജോലി ചെയ്യുന്നുണ്ട്. ഇവരെ തിരക്കിയാണ് സംഘം എത്തിയതെന്നും പനമ്പിള്ളിനഗറിലെ മസാജ് സെന്ററിനു പകരം വൈറ്റിലയിലെ കേന്ദ്രത്തിൽ എത്തിയതാണെന്നും പറയപ്പെടുന്നു. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് മരട് പൊലീസ് അറിയിച്ചു. സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെ ശേഖരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |