ന്യൂയോർക്ക്: ഇന്ത്യൻ സാമ്പത്തിക വളർച്ച കുത്തനെ ഇടിയുകയാണ്. ഇന്ത്യയുടെ വളർച്ചാ നിരക്കിൽ ലോകബാങ്കടക്കം കുറവു വരുത്തി. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി നടപ്പാക്കിയതും നോട്ട് അസാധുവാക്കിയതിനൊപ്പം ഗ്രാമീണസമ്പദ് വ്യവസ്ഥയിലെ സമ്മർദവും നഗരമേഖലകളിൽ തൊഴിലില്ലായ്മനിരക്ക് കുത്തനെ കൂടിയതും സ്ഥിതി വഷളാക്കി. തകർച്ചയുടെ വക്കിലാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെന്നും, നിലവിലെ വളർച്ചനിരക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചാൽ ഉടനൊന്നും തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണാനില്ലെന്നും 2019ലെ സാമ്പത്തിക നോബൽ സമ്മാന ജേതാവായ അഭിജിത് ബാനർജി വ്യക്തമാക്കി.
2008ലെ ആഗോള മാന്ദ്യത്തിലും പിടിച്ചുനിന്ന ഇന്ത്യയെ സ്വയംനിർമിത മാന്ദ്യത്തിലേക്ക് തള്ളിവിട്ട നോട്ടുനിരോധനത്തിനെതിരെയും അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളായി രാജ്യം വളർച്ചയുടെ പാതയിലായിരുന്നു. സാമ്പത്തിക വളർച്ചയുടെ മുന്നോട്ടുള്ള കുതിപ്പിന്റെ അത്തരം ഉറപ്പുകളെല്ലാം ഇപ്പോൾ ഇല്ലാതായെന്നും അദ്ദേഹം യു.എസിലെ പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി ഗവേഷണ മേഖലയിലുണ്ടെന്നും ദാരിദ്ര്യ നിർമാർജനത്തിന് നിരവധി മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വൻ ദുരന്തമാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് 85 ശതമാനം ജനങ്ങളും ആശ്രയിക്കുന്ന അനൗദ്യോഗിക സാമ്പത്തിക വിനിമയങ്ങളെ ഇത് തകർക്കുമെന്നും നിരോധിച്ച നോട്ടുകൾക്ക് പകരം 2,000 രൂപ നോട്ട് ഇറക്കിയത് പ്രഹസനമാണെന്നും അഭിജിത് കുറ്റപ്പെടുത്തി. കള്ളപ്പണം തടയാനെന്ന പേരിൽ പ്രഖ്യാപിച്ച ഈ പരീക്ഷണം പിന്നീട് ഇലക്ട്രോണിക് ഇടപാടുകളിലേക്കുള്ള ചുവടായി സർക്കാർ മാറ്റിയെങ്കിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ദരിദ്ര കുടുംബങ്ങൾക്ക് പ്രതിമാസം 6,000 രൂപ വാഗ്ദാനം ചെയ്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവെച്ച ‘ന്യായ്’ പദ്ധതിയുടെ പിന്നിലും അദ്ദേഹമായിരുന്നു. 2,500 രൂപ വീതം നൽകാമെന്നായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ചതെങ്കിലും കോൺഗ്രസ് തുക ഇരട്ടിയിലേറെയായി ഉയർത്തുകയായിരുന്നു. രാജ്യത്തെ 20 ശതമാനം കുടുംബങ്ങൾക്കും പ്രയോജനം നൽകുന്നതായിരുന്നു പദ്ധതി. ആവശ്യമായ തുക നിലവിലെ സമ്പദ്വ്യവസ്ഥയിൽ ലഭ്യമല്ലാത്തതിനാൽ അധികമായി പണം കണ്ടെത്തണമെന്നായിരുന്നു നിർദേശം.
1991 മുതൽ ഘടനപരമായ തകർച്ച ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്നുണ്ട്. രാജ്യത്തെ 10 കോടി ജനങ്ങളുടെ ഉപഭോഗമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് കരുത്ത് പകർന്നിരുന്നത്. കയറ്റുമതി സമ്പദ്വ്യവസ്ഥയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചിരുന്നില്ല. ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് സമാനമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ. ജനസംഖ്യ കൂടുതലുള്ളതും വരുമാനം കുറഞ്ഞതുമായ ഇടത്തരം സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. സമ്പദ്വ്യവസ്ഥയെ ഈ രീതിയിൽ നിന്ന് മാറ്റാനാണ് പല രാജ്യങ്ങളും ശ്രമിക്കുന്നത്. പ്രതിശീർഷ വരുമാനം വർദ്ധിപ്പിക്കുകയാണ് ഇതിനുള്ള പോംവഴി.
അപ്രതീക്ഷിതമായാണ് നൊബേൽ സമ്മാന വാർത്തയെത്തിയതെന്നും ഇത്രയും നേരത്തേ നൊബേൽ ലഭിക്കുമെന്നു കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘20 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ചില പരിഹാരമാർഗങ്ങളാണ് ഞങ്ങൾ മുന്നോട്ടു വച്ചത്. കൊൽക്കത്തയിൽ ജീവിച്ച നാളുകൾ, കുട്ടിക്കാല അനുഭവങ്ങൾ ഒക്കെ ഗവേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. അന്നു നേടിയ തിരിച്ചറിവുകൾ പലതും പഠിക്കാനുള്ള പ്രേരണകളായി’ – അഭിജിത് പറഞ്ഞു. മൂന്നാം ലോകത്ത് പിടിമുറുക്കിയ പട്ടിണി ലഘൂകരിക്കാൻ ആത്മാർഥ ശ്രമങ്ങളുമായി ലോകത്തിന്റെ കൈയടി നേടിയ സാമ്പത്തിക ശാസ്ത്രജ്ഞരായ ദമ്പതികൾക്ക് ലഭിച്ച നൊബേൽ അർഹമായ ആദരം തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |