
കണ്ണൂർ: രക്തസാക്ഷി ഫണ്ട് വിവാദത്തിന് പിന്നാലെ ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി കുഞ്ഞിക്കൃഷ്‌ണനെ സിപിഎം പുറത്താക്കിയത് കഴിഞ്ഞദിവസമാണ്. പിന്നാലെ കുഞ്ഞിക്കൃഷ്‌ണന് അനുകൂലമായി പ്രകടനം നടത്തിയയാളുടെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു. വെള്ളൂർ സ്വദേശി പ്രസന്നന്റെ ബൈക്കാണ് കത്തിച്ചത്. പാർട്ടി നടപടിക്ക് ശേഷം കഴിഞ്ഞദിവസം വി കുഞ്ഞിക്കൃഷ്‌ണന് പയ്യന്നൂരിൽ ഒരുവിഭാഗം സ്വീകരണം നൽകിയിരുന്നു. ഈ പ്രകടനത്തിന് മുദ്രാവാക്യം വിളിച്ചത് പ്രസന്നനായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിൽ ഇരുന്ന ബൈക്ക് അക്രമികൾ മുറ്റത്തുനിന്ന് കുറച്ചകലേക്ക് മാറ്റി നിർത്തിയ ശേഷമാണ് കത്തിച്ചത്.
അതേസമയം,സിപിഎമ്മിനെതിരായ ആരോപണത്തിൽ താൻ ഉറച്ചുനിൽക്കുന്നതായാണ് നടപടിക്ക് ശേഷം വി കുഞ്ഞിക്കൃഷ്‌ണൻ പ്രതികരിച്ചത്. ഫണ്ട് സംബന്ധിച്ച കണക്ക് പാർട്ടിയിൽ അവതരിപ്പിക്കാൻ കാലതാമസമുണ്ടായി. മൂന്നുവർഷത്തിന് ശേഷമാണ് കണക്ക് അവതരിപ്പിച്ചത്. അപ്പോഴേക്കും പുതിയ ചെലവുകൾ ചില നേതാക്കൾ കൂട്ടിച്ചേർത്തു. പയ്യന്നൂർ ഏരിയാ കമ്മിറ്റി അംഗങ്ങളെ പൊട്ടൻമാരാക്കുന്ന കണക്കാണ് അവതരിപ്പിച്ചത്. 2021ലെ പാർട്ടി സമ്മേളനത്തിന് തൊട്ടുമുൻപാണ് ഏരിയാ കമ്മിറ്റിയിൽ ഫണ്ട് പിരിവിന്റെ കണക്ക് അവതരിപ്പിച്ചത്.
കെട്ടിട നിർമ്മാണത്തിന്റെ കണക്ക് അവതരിപ്പിച്ചപ്പോൾ സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച പണം ഉണ്ടായിരുന്നില്ല. കമ്മിറ്റിയിൽ അവരത് ഉന്നയിച്ചു. പിഴവുകൾ തിരുത്തി 2021ലെ സമ്മേളനത്തിൽ തന്നെ കണക്കുകൾ അവതരിപ്പിക്കാമായിരുന്നു. എന്നാൽ 2024ലെ പാർട്ടി സമ്മേളനത്തിലാണ് കണക്ക് അവതരിപ്പിച്ചത്. 70 ലക്ഷം കൈയിൽ ഇല്ലാത്തതിനാലാണ് കണക്ക് അവതരിപ്പിക്കാൻ കഴിയാത്തത് എന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |