
കോട്ടയം: കറുകച്ചാലിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. എറണാകുളം രജിസ്‌ട്രേഷനിലുള്ള ഫോർച്ച്യൂണർ കാറാണ് അപകടത്തിൽപ്പെട്ടത്. കറുകച്ചാലിൽ നിന്ന് കോട്ടയത്തേക്ക് പോകുന്നവഴി ചമ്പക്കര ആശ്രമപ്പടിയിൽ വച്ചാണ് അപകടമുണ്ടായത്.
15 അടിയോളം താഴ്‌ചയുള്ള തോട്ടിലേക്കാണ് വാഹനം മറിഞ്ഞത്. തോട്ടിൽ വെള്ളം കുറവായതിനാൽ കാർ മുങ്ങുന്ന സ്ഥിതിയുണ്ടായില്ല. കാറിലുണ്ടായിരുന്നവരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. അപകടത്തിൽപ്പെട്ടവർ മലയാളികളല്ലെന്ന് രക്ഷപ്രവർത്തനം നടത്തിയവർ പറയുന്നു. കാറിന്റെ വാതിലുകൾ ലോക്കായതിനാൽ നാട്ടുകാർ ചേർന്ന് കല്ലുപയോഗിച്ച് ഗ്ലാസ് തകർത്താണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്.
പ്രദേശത്ത് സമാനരീതിയിലുള്ള അപകടങ്ങൾ സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. രണ്ട് വർഷത്തിനിടെ ആറ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. തോട്ടിൽ സംരക്ഷണഭിത്തിയില്ലാത്തതാണ് അപകടത്തിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |