
കോലഞ്ചേരി: തിരുവാണിയൂരിൽ നിന്ന് കൊച്ചങ്ങാടി വെട്ടിക്കൽ റോഡുവഴി പോകണമെങ്കിൽ സർക്കസ് അറിഞ്ഞിരിക്കണം. വഴിയില്ലാതെ കുഴി മാത്രമായ റോഡിൽ ഉയരപ്പാതയായി നില്ക്കുന്ന കലുങ്ക് കടക്കലാണ് കടമ്പ. കലുങ്ക് നിർമ്മാണത്തിൽ ഒതുങ്ങിയ റോഡ് നവീകരണം മൂലം ഇതു വഴിയുള്ള യാത്ര ഒഴിവാക്കുകയാണ് നാട്ടുകാർ. അഞ്ച് മാസം മുമ്പ് ആരംഭിച്ച നിർമ്മാണമാണ് ഏറെ നാളുകളായി നിലച്ചു കിടക്കുന്നത്.
അപകടാവസ്ഥയിലായ കലുങ്കും തകർന്ന റോഡും നവീകരിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തെ തുടർന്നാണ് റോഡിനായി സർക്കാർ നാല് കോടി രൂപ അനുവദിച്ചത്.
തിരുവാണിയൂർ കൊച്ചങ്ങാടി മുതൽ വെട്ടിക്കൽ ജംഗ്ഷൻ വരെയുള്ള നാലര കിലോമീറ്ററോളം ദൂരമുള്ള റോഡിലെ ശോചനീയാവസ്ഥയിലായ കലുങ്കുകൾ പുനർനിർമ്മിച്ച് ബി.എം, ബി.സി. നിലവാരത്തിൽ ടാറിംഗ് നടത്താനും അപകടാവസ്ഥയിലുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കാനുമാണ് തുക വകയിരുത്തിയത്. മാസങ്ങൾ നീണ്ടുനിന്ന നടപടിക്രമങ്ങൾക്കു ശേഷം കഴിഞ്ഞ സെപ്തംബറിലാണ് നിർമ്മാണം ആരംഭിച്ചത്.
കരാറുകാരനെ കാണാതായി
കലുങ്കുകൾ പുതുക്കിപ്പണിയുന്ന ജോലികളാണ് ആദ്യം തുടങ്ങിയത്. ഗതാഗതം നിരോധിച്ച് മൂന്ന് കലുങ്കുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കിയെങ്കിലും തുടർന്നുള്ള ജോലികൾ ഇഴഞ്ഞു. ആഴ്ചകൾക്കു ശേഷം ഒ.ഇ.എൻ കമ്പനിക്ക് സമീപം 50 മീറ്ററോളം ഭാഗത്ത് കട്ട വിരിക്കലും നടത്തിയതിന് ശേഷം കരാറുകാരനെ ആ വഴിക്ക് കണ്ടിട്ടില്ല.
നേരത്തെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പൂർണ്ണമായും തടസപ്പെടുത്തി ഒരേ സമയം മൂന്ന് കലുങ്കുകളും പൊളിച്ചത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. മാസങ്ങളായി നിർമ്മാണം പൂർണ്ണമായും നിലച്ചു കിടന്നിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.
റോഡ് നിരപ്പിൽ നിന്ന് രണ്ടര അടിയോളം ഉയരത്തിലാണ് മൂന്ന് കലുങ്കുകൾ നിർമ്മിച്ചിട്ടുള്ളത്. റോഡും ഇതനുസരിച്ച് ഉയർന്നാൽ റോഡരികിലെ വ്യാപാര സ്ഥാപനങ്ങളും സമീപത്തെ റോഡുകളും താഴ്ചയിലാകും. ഇത് മഴക്കാലത്ത് കടകളിലേക്ക് വെള്ളം കയറാൻ കാരണമാകും. റോഡ് നിർമ്മാണം വേഗം പൂർത്തിയാക്കണം.
എൻ.കെ. മത്തായി, യൂണിറ്റ് സെക്രട്ടറി,
കെ.വി.വി.ഇ.എസ് തിരുവാണിയൂർ യൂണിറ്റ്
റോഡ് നിർമ്മാണത്തിൽ ഒട്ടേറെ അപാകതകളുണ്ട്. ആവശ്യമില്ലാത്ത സ്ഥലത്ത് വരെ കലുങ്ക് നിർമ്മിച്ചിട്ടുണ്ട്. ദിവസേന നിരവധി വാഹനങ്ങൾ പോകുന്ന പ്രധാന റോഡായതിനാൽ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണം.
കെ.എൻ. മോഹനൻ,
പ്രസിഡന്റ്,
തിരുവാണിയൂർ ശാഖ
എസ്.എൻ.ഡി.പി യോഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |