കോഴിക്കോട്: വിവരാവകാശ ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്നാലും വിവരം നൽകുന്നതിന് വിലക്കേർപ്പെടുത്തിയാലും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി.കെ രാമകൃഷ്ണൻ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫയൽ ഓഫീസിലെ ആരുടെ കൈവശമാണെങ്കിലും അവരിൽനിന്ന് വിവരം ലഭ്യമാക്കി നൽകേണ്ട ചുമതല പൊതു വിവരാവകാശ ഓഫീസർക്കാണെന്നും അദ്ദേഹം പറഞ്ഞു. വിവരം ഉൾക്കൊള്ളുന്ന ഫയലുകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. എസ്.ബി സജിത്ത് അപേക്ഷക്ക് വ്യക്തമായ വിവരങ്ങൾ നൽകാൻ വയനാട് ജില്ല ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസറുടെ കാര്യാലയത്തിലെ പൊതുവിവരാവകാശ ഓഫീസറോട് നിർദ്ദേശിച്ചു. മലയാളം സർവകലാശാലയിലെ പി.എച്ച്.ഡി പ്രവേശത്തിന് നടത്തിയ ഇന്റർവ്യൂവിന് ശേഷം തയാറാക്കിയ റാങ്ക് ലിസ്റ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും പകർപ്പ് ആവശ്യപ്പെട്ട് ശ്രീനാഥ് നൽകിയ അപേക്ഷയിൽ രേഖകളുടെ പകർപ്പുകൾ നൽകണമെന്നും നിർദ്ദേശിച്ചു.
ഒരു സൊസൈറ്റിയുടെ ബൈലോയുടെ പകർപ്പ് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ രജിസ്ട്രാർ ഓഫീസിൽ ജ്യോതി പവിത്രൻ നൽകിയ അപേക്ഷയ്ക്ക് ആവശ്യപ്പെട്ട രേഖയുടെ പകർപ്പ് കാണാനില്ലെന്ന മറുപടിയാണ് നൽകിയത്. ഇത് കമ്മിഷൻ അംഗീകരിച്ചില്ല. ഒരു ടീമിനെ വെച്ച് തെരഞ്ഞ് ബൈലോ കണ്ടെത്തി പകർപ്പ് നൽകണം. മാനന്തവാടിയിൽ കടുവ ആക്രമിച്ച് സ്ത്രീ കൊല്ലപ്പെട്ടതിൽ ഇനി വല്ല വിവരവും നൽകാനുണ്ടെങ്കിൽ അത് ഉടൻ നൽകണമെന്ന് മാനന്തവാടി സ്റ്റേഷനിലെ വിവരാവകാശ ഓഫീസറോട് നിർദ്ദേശിച്ചു. 16 പരാതി തീർപ്പാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |