
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയിൽ പ്രോസിക്യൂട്ടർ സംശയം ഉന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നത് മാറ്റി വച്ചിരുന്നു.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് പ്രതിഭാഗം വാദിച്ചത്. അറസ്റ്റ് സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമാണെന്നും രാഹുലിനെതിരായ രണ്ടാമത്തെ പരാതിയിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കേസിൽ എസ്‌ഐടിക്ക് മുന്നോട്ട് പോകാൻ സാധിച്ചിട്ടില്ലെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. രണ്ടാഴ്‌ചയിൽ അധികമായി രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ കഴിയുകയാണ്. ഇതോടെ രാഹുലിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കും.
മൂന്നാമത്തെ ബലാത്സംഗക്കേസിൽ നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ജസ്റ്റിസ് അരുന്ധതി ദിലീപ് ആണ് ജാമ്യഹർജിയിൽ ഉത്തരവിട്ടത്. അടച്ചിട്ട കോടതി മുറിയിൽ രണ്ട് മണിക്കൂർ വിശദമായ വാദം കേട്ടതിനുശേഷമായിരുന്നു വിധി. പ്രോസിക്യൂഷന് വേണ്ടി എം ജി ദേവിയായിരുന്നു ഹാജരായത്. രാഹുലും യുവതിയുമായി പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നതിന് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പ്രതിഭാഗം ഹാജരാക്കി. എന്നാൽ, പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ട് ജാമ്യം നിഷേധിക്കുകയായിരുന്നു. പ്രതി സ്ഥിരം കുറ്റക്കാരനാണെന്നും കൂടുതൽ പരാതികൾ രാഹുലിനെതിരെ വരുന്നുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് രാഹുലിന്റെ ഹർജിയിൽ വാദം കേൾക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |