
ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കം രാഷ്ട്രീയ ലക്ഷ്യം വച്ചല്ലെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഐക്യം എന്നതുകൊണ്ട് കേവലം നായർ, ഈഴവ ഐക്യമല്ല പറഞ്ഞതെന്നും ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിഷ്‌കളങ്കനും മാന്യനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ നടന്ന എസ്എൻ ട്രസ്റ്റ് യോഗത്തിൽ സംസാരിക്കെയായിരുന്നു വെള്ളാപ്പള്ളി.
'ഐക്യനീക്കം തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. എനിക്ക് ഒരുപാട് പിൻബലം തന്ന വ്യക്തയാണ് സുകുമാരൻ നായർ. ഈ ഐക്യം കാലഘട്ടത്തിന് വേണമെന്ന ചിന്ത അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഞാനുമായി ഫോണിൽ സംസാരിച്ചപ്പോഴും അത് പറഞ്ഞതാണ്. ഞങ്ങളുടെ ബോർഡ് യോഗം ചേർന്ന് ചില തീരുമാനങ്ങൾ എടുത്തിരുന്നു. അത് ഞാൻ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം അപ്പോൾ എൻഎസ്എസും ബോർഡ് യോഗം ചേരുന്നതായി പറഞ്ഞിരുന്നു. പക്ഷേ എൻഎസ്എസിന്റെ ബോർഡ് ചേർന്നപ്പോഴാണ് ഐക്യം നടക്കാതെ പോയത്. ഒരു സംഘടനയിൽ ഇരിക്കുമ്പോൾ ആ സംഘടന എടുക്കുന്ന തീരുമാനം പറയേണ്ട ബാദ്ധ്യത അദ്ദേഹത്തിനുണ്ട്. അതാണ് അദ്ദേഹം ചെയ്തത്.
എസ്എൻഡിപിക്ക് മുസ്ലീം വിരോധമില്ല. എന്നെ മുസ്ലീം വിരോധിയാക്കി കത്തിച്ച് കളയാൻ ശ്രമമുണ്ട്. എന്നാൽ എന്നെ കത്തിച്ചാൽ അങ്ങനെ കത്തില്ല. ഈഴവ സമുദായത്തെ തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്' - വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |