
കോട്ടയം: എൻഎസ്എസ് - എസ്എൻഡിപി ഐക്യത്തിൽ നിന്ന് പിന്മാറിയത്തിൽ വിശദീകരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യം ഒരു കെണിയായി തോന്നിയെന്നും അതിനാലാണ് തീരുമാനം മാറ്റിയതെന്നും സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സുകുമാരന്റെ പ്രതികരണം.
'എൻഎസ്എസ് ഡയറക്ടർ ബോർഡാണ് ഐക്യം വേണ്ടെന്ന് തീരുമാനിച്ചത്. പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ആകാമെന്ന് ഞാൻ മറുപടി നൽകി. പിന്നാലെ തുഷാറും വിളിച്ചു. മൂന്ന് ദിവസത്തിനകം വരാം എന്ന് പറഞ്ഞു. എന്തിനാണ് അത്രയും ദിവസം കാത്തിരിക്കുന്നത്. ഐക്യം ഒരു കെണിയാണെന്ന് തോന്നി. ആ കെണിയിൽ വീഴെണ്ടെന്ന് തീരുമാനിക്കുകയായിരുന്നു'- സുകുമാരൻ നായർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും സുകുമാരൻ നായർ വിമർശിച്ചു. സമുദായ സംഘടനകൾ രാഷ്ട്രീയ പാർട്ടിയിൽ ഇടപെടേണ്ടെന്നാണ് സതീശൻ പറഞ്ഞതെന്നും അങ്ങനെയെങ്കിൽ സമുദായ സംഘടനകളെ തേടി എത്തരുതെന്നും അദ്ദേഹം തുറന്നടിച്ചു.
'സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്. അബദ്ധം ആണെന്ന് പരസ്യമായി പറയണമായിരുന്നു. ഇനി ഇക്കാര്യത്തിൽ ഒന്നും നടക്കില്ല. അയാൾ ഒരുപാട് വരമ്പ് ചാടി കഴിഞ്ഞു. ഇടയ്ക്ക് ഒരു ധൂതനെ അയച്ചിരുന്നു. സതീശന്റെ സമുദായ നിഷേധപരാമർശങ്ങളോട് മാത്രമാണ് വിയോജിപ്പുള്ളത്. രാഷ്ട്രീയക്കാർ അല്ലാത്ത നായന്മാർ ആരും എൻഎസ്എസ് തീരുമാനത്തിന് വിപരീതമാവില്ല. എൻഎസ്എസ് പിന്തുണ തേടി വി ഡി സതീശൻ മുൻപ് ഇവിടെ വന്നിട്ടുണ്ട്. അപ്പോൾ പറവൂരിലെ എൻഎസ്എസ് നേതൃത്വത്തോട് വി ഡി സതീശനെ പിന്തുണക്കണമെന്ന് ഫോണിൽ വിളിച്ച് ഞാൻ പറഞ്ഞിരുന്നു. അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. എൻഎസ്എസിനെപ്പറ്റി ഒന്നും അറിയാത്ത ആളുകളാണ് വിഡ്ഢിത്തങ്ങൾ പറയുന്നത്.
ഇത്തവണ പറവൂരിൽ സമുദായ അംഗങ്ങൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനമെടുക്കും. ആര് പെരുന്നയിൽ വന്നാലും കാണും. എന്റെ വീട്ടിലോട്ട് അല്ലല്ലോ വരുന്നത്. ആര് ഭരിച്ചാലും മുന്നിൽ യാചിക്കാനില്ല. നിയമപരമായി കിട്ടേണ്ടത് ഞങ്ങൾക്ക് കിട്ടണം. അല്ലെങ്കിൽ കോടതിയിൽ പോകും. നിലവിലെ സർക്കാർ ബിജെപിയെയോ കോൺഗ്രസിനെയോ പോലെയല്ല. അവർ അവരുടെ രാഷട്രീയത്തിലൂടെയാണ് ജയിച്ചുവന്നത്. എൻഎസ്എസ് ന്യൂനപക്ഷ വിരുദ്ധത പറയില്ല. എല്ലാ സമുദായ അംഗങ്ങളും എൻഎസ്എസിന് വേണ്ടപ്പെട്ടവരാണ്'- സുകുമാരൻ നായർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |