
കോലഞ്ചേരി: സ്കൂളിലേക്കുപോയ പെൺകുട്ടിയുടെ മൃതദേഹം കരിങ്കൽ ക്വാറിയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത സംശയിച്ച് പൊലീസ്. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ മഹേഷിന്റെയും രമ്യയുടെയും ഏകമകൾ ആദിത്യയാണ് (16) മരിച്ചത്.
കുട്ടിയുടെ ബാഗിലുണ്ടായിരുന്ന നോട്ട്‌ബുക്കിൽ നിന്ന് ഇംഗ്ളീഷിൽ എഴുതിയ മൂന്ന് പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള മനോവിഷമത്തിലായിരുന്നു താനെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. ഒരാഴ്‌ച മുൻപാണ് സുഹൃത്ത് മരണപ്പെട്ടതെന്നാണ് കുറിപ്പിൽ പറയുന്നത്. തന്നെ ഏറെ സ്‌നേഹിക്കുന്ന അച്ഛനെയും അമ്മയെയുമോർത്ത് വിഷമമുണ്ട്. എന്നാൽ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും കുട്ടിയുടെ പുസ്‌തകത്തിൽ ഉണ്ടായിരുന്നതായി വിവരമുണ്ട്. കുട്ടി കബളിപ്പിക്കപ്പെട്ടതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കുട്ടിയുടെ ഫോൺ പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ ലോക്ക് ചെയ്തിരിക്കുന്നതിനാൽ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടുമെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ ഒൻപത് മണിയോടെ ക്വാറിയുടെ കരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്കൂൾ ബാഗ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്. ചോറ്റാനിക്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ലാബ് ടെക്നീഷ്യൻ കോഴ്സ് ഒന്നാംവർഷ വിദ്യാർത്ഥിനിയാണ്. രാവിലെ 7.45ന് വീട്ടിൽനിന്ന് സ്കൂളിലേക്ക് പോകാനായി ഇറങ്ങിയ പെൺകുട്ടി 100 മീറ്റർ അകലെയുള്ള ക്വാറിയിൽ ചാടുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |