
കോട്ടയം: മൂന്നാം ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ച വിധിയുടെ വിശദാംശങ്ങൾ പുറത്ത്. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സോഷ്യൽ മീഡിയയിലൂടെ യാതൊരു ഭീഷണിയും പാടില്ലെന്നും കോടതി രാഹുലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിന് രാഹുലിനെ കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നുവെന്നാണ് കോടതി അറിയിച്ചത്. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, രാഹുലിന്റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകാൻ വൈകി (ഒരു വർഷം, ഒൻപത് മാസം) എന്ന പ്രതിഭാഗത്തിന്റെ വാദവും പരിഗണിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരി വിദേശത്ത് ആയതിനാൽ രാഹുൽ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപ്പെടുത്തുമെന്ന വാദം നിലനിൽക്കില്ലെന്നും കേസിൽ നേരിട്ടുള്ള മറ്റ് സാക്ഷികളില്ലെന്നും അതുകൊണ്ടുതന്നെ കസ്റ്റഡി ഇനി വേണ്ടെന്നാണ് കോടതി വിധിയിൽ പരാമർശിച്ചിട്ടുള്ളത്.
മൂന്നാമത്തെ ബലാത്സംഗക്കേസിൽ നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ജസ്റ്റിസ് അരുന്ധതി ദിലീപ് ആണ് ജാമ്യഹർജിയിൽ ഉത്തരവിട്ടത്. അടച്ചിട്ട കോടതി മുറിയിൽ രണ്ട് മണിക്കൂർ വിശദമായ വാദം കേട്ടതിനുശേഷമായിരുന്നു വിധി. പ്രോസിക്യൂഷന് വേണ്ടി എം ജി ദേവിയായിരുന്നു ഹാജരായത്. രാഹുലും യുവതിയുമായി പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നതിന് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പ്രതിഭാഗം ഹാജരാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |