
തിരുവനന്തപുരം: അതിവേഗ റെയിൽപാതയെന്ന സ്വപ്നപദ്ധതിക്കായി രൂപം കൊടുത്ത കെ റെയിൽ ഉപേക്ഷിച്ച് തിരുവനന്തപുരം - കാസർകോട് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. 583 കിലോമീറ്റർ നീളത്തിലുള്ള അതിവേഗ റെയിൽപാതയ്ക്കാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. സിൽവർ ലൈൻപദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിൽ നിന്ന് സാങ്കേതികാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.
ആർആർ.ടി,എസ് പാതയിൽ മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. പരിസ്ഥിതി ആഘാതവും ഭൂമിയേറ്റെടുക്കലും കുറയ്ക്കുന്നതിനായി തൂണുകൾക്ക് മുകളിലൂടെയുള്ള എലിവേറ്റഡ് പാതയ്ക്കാണ് മുൻഗണന നൽകുന്നത്. ജനസാന്ദ്രതയേറിയ കേരളത്തിൽ ഇത് കൂടുതൽ അനുയോജ്യമാകും എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ
ഡൽഹി - മീററ്റ് ആർ.ആർ.ടി.എസ് മാതൃകയിലാണ് കേരളത്തിലും പദ്ധതി നടപ്പാക്കുക. മീററ്റ് മെട്രോ ആർ.ആർ.ടി.എസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം പൂർണമായും ഗ്രേഡ് - സെപ്പറേറ്റഡ് ആയാണ് നടപ്പിലാക്കുക. ഊ മാതൃകയിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സംവിധാനങ്ങളുമായി ആർ.ആർ.ടി.എസ് സ്റ്റേഷനുകളെ ബന്ധിപ്പിക്കും. ഡൽഹി മാതൃകയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 20 ശതമാനം വീതം മുടക്കും. ബാക്കി 60 ശതമാനം തുക അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് വായ്പയായി കണ്ടെത്തും. നാല് ഘട്ടങ്ങളിലായി പദ്ധതി 12 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരയുള്ള ഒന്നാംഘട്ടം (ട്രാവൻകൂർ ലൈൻ-284 കി.മീ) 2027ൽ നിർമ്മാണം ആരംഭിച്ച് 2033ൽ പൂർത്തിയാക്കും തൃശൂർ മുതൽ കോഴിക്കോട് വരെയുള്ള രണ്ടാംഘട്ടം (മലബാർ ലൈൻ, ) കോഴിക്കോട് മുതൽ കണ്ണൂൂർ വരെ മൂന്നാംഘട്ടം, കണ്ണൂർ മുതൽ കാസർകോട് വരെ നാലാംഘട്ടം.
അയൽസംസ്ഥാനങ്ങളുടെ സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കും കാസർകോട് വഴി മംഗലാപുരത്തേക്കും ഭാവിയിൽ വികസിപ്പിക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. 12 വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നും സംസ്ഥാന സർക്കാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |