
സ്പീക്കർക്കെതിരേ ഗവർണറുടെ
വാർത്താക്കുറിപ്പ് അസാധാരണം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ വീഡിയോ ആവശ്യപ്പെട്ടു മാദ്ധ്യമങ്ങൾക്ക് കൊടുത്ത കത്തിന്റെ പകർപ്പാണ് നൽകിയതെന്ന സ്പീക്കറുടെ ആരോപണം ഗവർണർ നിഷേധിച്ചു '' ഹൈലി കോൺഫിഡൻഷ്യൽ '' എന്ന് രേഖപ്പെടുത്തിയ കത്ത് സ്പീക്കർക്കാണ് നൽകിയത്. അത് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ലോക്ഭവൻ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഗവർണറുടെ കത്തിന് മറുപടി നൽകില്ലെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് നിയമവിരുദ്ധവും ഔചിത്യമില്ലായ്മയുമാണ്. ഗവർണർ നിയമസഭയോട് എല്ലായ്പ്പോഴും ഭരണഘടനാപരമായ ഔചിത്യവും ആദരവും പാലിക്കുകയും ആശയവിനിമയത്തിൽ കീഴ്‌വഴക്കമനുസരിച്ചുള്ള രീതികൾ പിന്തുടരുകയും ചെയ്യുന്നുണ്ട്. വസ്തുതകൾ ഉറപ്പുവരുത്താതെയും ഔചിത്യമില്ലാതെയും ഭരണഘടനാ പദവികളിലുള്ളവരോട് ഇത്തരത്തിൽ പെരുമാറുന്നത് ഖേദകരവും പൊതുസമൂഹത്തിൽ അവജ്ഞയുണ്ടാക്കുന്നതുമാണ്. ഭാവിയിൽ സ്പീക്കർ ഇത്തരം സുപ്രധാന കാര്യങ്ങളിൽ ഉത്തരവാദിത്തത്തോടെയും നിയന്ത്രണത്തോടെയും ഭരണഘടനാ ചട്ടങ്ങൾക്ക് അനുസൃതമായും പെരുമാറുമെന്നും ഊഹാപോഹങ്ങളേക്കാൾ വസ്തുതകൾക്കും ഔചിത്യത്തിനും മുൻഗണന നൽകുമെന്നും പ്രതീക്ഷിക്കുന്നതായി ലോക്ഭവന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
നയപ്രഖ്യാപന പ്രസംഗത്തിന്റെ വീഡിയോ ആവശ്യപ്പെട്ട് ഗവർണർ ആർ.വി ആർലേക്കർ അയച്ച കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കത്ത് ആദ്യം മാദ്ധ്യമങ്ങൾക്ക് കൊടുക്കുകയും അതിന്റെ കോപ്പി സ്പീക്കർക്കു നൽകുകയുമാണ് ഗവർണറുടെ ഓഫീസ് ചെയ്തതെന്നും ആരോപിച്ചിരുന്നു.
ഇക്കാര്യം ഗവർണറുടെ ഓഫീസ് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു.നേരിട്ട് കത്തു തന്നാൽ മറുപടി നൽകുമെന്നും സ്പീക്കർ പറഞ്ഞിരുന്നു.
ഹൈലി കോൺഫിഡൻഷ്യൽ എന്ന് സൂചിപ്പിക്കുന്ന കത്ത് തന്റെ സാന്നിധ്യത്തിൽ തുറന്നു നോക്കിയപ്പോൾ അതിൽ അതീവ രഹസ്യമായി ഒന്നുമുണ്ടായിരുന്നില്ല.
കത്ത് പത്രക്കാർക്ക് കൊടുത്തിട്ട് അതിന്റെ കോപ്പി വാങ്ങേണ്ട ആളാണോ സ്പീക്കർ എന്നും എ.എൻ.ഷംസീർ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ലോക്ഭവൻ ഇന്നലെ വാർത്താക്കുറിപ്പിറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |